ടോക്യോ ഒളിമ്പിക്‌സ് വനിതകളുടെ ഹോക്കിയില്‍ ഇന്ത്യയുടെ അട്ടിമറി. ഓസ്‌ട്രേലിയയെ 1-0ന് അട്ടിമറിച്ചാണ് വനിതാ ടീം സെമിയില്‍ പ്രവേശിച്ചത്. ഗുര്‍ജിത് കൗര്‍ ആയിരുന്നു 22ാം മിനിറ്റില്‍ നിര്‍ണായക ഗോള്‍ നേടിയത്. ലോകറാങ്കിംഗില്‍ രണ്ടാമതുള്ള ഓസ്‌ട്രേലിയയ്ക്ക് തോല്‍വി അപ്രതീക്ഷിത തിരിച്ചടിയായി. തോല്‍വിയെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഓസീസ് താരങ്ങള്‍ സ്വീകരിച്ചത്. സെമിയില്‍ ഇന്ത്യ അര്‍ജന്റീനയെ നേരിടും. ഇന്നലെ ഹോക്കി പുരുഷ ടീമും സെമിയില്‍ പ്രവേശിച്ചിരുന്നു. ഇതാദ്യമായാണ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഹോക്കി വനിത-പുരുഷ ടീമുകള്‍ സെമിയില്‍ കടക്കുന്നത്.
മത്സരത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ നില പരുങ്ങലിലായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളില്‍ തുടര്‍ച്ചയായ തോല്‍വി ഏറ്റുവാങ്ങി ഒരു ഘട്ടത്തില്‍ ക്വാര്‍ട്ടറില്‍ കടക്കുന്ന കാര്യം പോലും സംശയത്തിലായിരുന്നു. നെതര്‍ലാന്‍ഡിനോട് 5-1നും ജര്‍മ്മനിയോട് എതിരില്ലാത്ത 2 ഗോളിനും മൂന്നാം മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടണിനെതിരെ 4-1നുമായിരുന്നു തോല്‍വി.
എന്നാല്‍ നാലാം മത്സരത്തില്‍ അയര്‍ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെ പ്രതീക്ഷ വീണ്ടെടുത്തു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയെ 4-3ന് തോല്‍പ്പിച്ചു ക്വാര്‍ട്ടറില്‍ കടന്നു.
1980 ല്‍ മോസ്കോ ഒളിന്പിക്സില്‍ നാലാം സ്ഥാനം നേടിയതിനു ശേഷമുള്ള മികച്ച പ്രകടനമാണിത്. മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ടീമിനെ കായികമന്ത്രി അനുരാഗ് താക്കൂര്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ ടീം ചരിത്രം സൃഷ്ടിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.