ഒമാനില്‍ കൊവിഡ് മുക്തി നിരക്കില്‍ വര്‍ധന.
മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് മുക്തി നിരക്കില്‍ വര്‍ധന. ചൊവ്വാഴ്ച 596 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 76720 ആയി.
263 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82050 ആയി ഉയര്‍ന്നു. 12 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഒമാനില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 533 ആയി. 458 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 164 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
യുഎഇയില്‍ ഇന്നും പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്ന് 262 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 195 പേര്‍ക്ക് കൂടി രോഗം ഭേദമായി. 62,966 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 56,961 ആണ് ആകെ രോഗമുക്തരായവരുടെ എണ്ണം. കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 358 ആയി. 64,110 പുതിയ കൊവിഡ് പരിശോധനകള്‍ നടത്തി. നിലവില്‍ 5,647 പേരാണ് ചികിത്സയിലുള്ളത്.
കൊവിഡ് വാക്‌സിന്‍: മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തയ്യാറെടുത്ത് സൗദി അറേബ്യ
റിയാദ്: കൊവിഡ് വാക്സിന്‍ വികസനത്തിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലിനായുള്ള കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുകയാണ്. ചൈനീസ് കമ്പനിയായ കാന്‍സിനോയുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.
വാക്‌സിന്‍ നിര്‍മ്മാണത്തിലെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ ചൈനയിലാണ് നടത്തിയത്. രണ്ട് ഘട്ടങ്ങളിലും വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും സ്ഥിരീകരിച്ചതിന് ശേഷമാണ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്. മൂന്നാം ഘട്ടം വിവിധ രാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്ന ക്ലിനിക്കല്‍ പഠനങ്ങളാണ്. സൗദി അറേബ്യയില്‍ നിന്ന് 5,000 പേരെയാണ് ക്ലിനിക്കല്‍ ട്രയലിനായി ഉദ്ദേശിക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവരെയാണ് ഇതിനായി തെരഞ്ഞെടുക്കുക.
രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വാക്‌സിന്‍ നല്‍കുക. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി ഗവേഷണ സംഘങ്ങള്‍ ഇവരെ നിരീക്ഷിക്കും. റിയാദ്, ദമ്മാം, മക്ക എന്നീ പ്രധാന നഗരങ്ങളിലാണ് ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതെന്നും ട്രയല്‍ എപ്പോള്‍ ആരംഭിക്കുമെന്ന് ഉടനെ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ കൊവിഡ് പരിശോധനാ നിരക്ക് പുറത്തിറക്കി ഒമാന്‍
മസ്കറ്റ്: ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ കൊവിഡ് പരിശോധനാ നിരക്കുകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. മൂന്നു തരത്തിലുള്ള കൊവിഡ് പരിശോധനകളാണ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തുക. പതിനഞ്ച് ഒമാനി റിയാല്‍ മുതല്‍ അമ്പതു റിയാല്‍ വരെയാണ് നിരക്കുകള്‍. 45 മിനിറ്റ് സമയം വേണ്ട പി.ഒ.സി-പി.സി.ആര്‍ പരിശോധനയാണ് ഏറ്റവും ചെലവ് കൂടിയത്.
സാമ്പിള്‍ ശേഖരണത്തിന് അഞ്ച് ഒമാനി റിയാലും പരിശോധനക്ക് 45 റിയാലുമടക്കം 50 ഒമാനി റിയാലാണ് നിരക്ക്. മൂക്കില്‍ നിന്നെടുക്കുന്ന സ്വാബ് ഓട്ടോമാറ്റിക്ക് രീതിയില്‍ പരിശോധിച്ചാണ് വൈറസ് ഉണ്ടോ എന്ന് കണ്ടെത്തുക. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയാന്‍ കഴിയും. പരിശോധനക്ക് 120 മിനിറ്റ് ദൈര്‍ഘ്യമുള്ള ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിന് സാമ്പിള്‍ ശേഖരണത്തിനടക്കം മുപ്പത്തിയഞ്ചു ഒമാനി റിയാലായാണ് നിരക്ക് നിജപ്പെടുത്തിയിരിക്കുന്നത്.
മൂക്കില്‍ നിന്നെടുക്കുന്ന സാമ്പിളുകള്‍ മാനുവല്‍ രീതിയില്‍ പരിശോധിച്ചാണ് രോഗം നിര്‍ണയിക്കുക. മൂന്നു ദിവസത്തിനുള്ളില്‍ പരിശോധന ഫലം ലഭിക്കും. രക്ത സാമ്പിള്‍ ശേഖരിച്ചുള്ള സെറോളജിക്കല്‍ പരിശോധനയാണ് മൂന്നാമത്തെ ഇനം. 60 മിനിറ്റ് പരിശോധന സമയം ആവശ്യമുള്ള ഇതിലൂടെ കൊവിഡ് ബാധിച്ചിരുന്നുവോ എന്നു മനസിലാക്കുവാന്‍ കഴിയും. സാമ്പിള്‍ ശേഖരണമടക്കം പതിനഞ്ച് ഒമാനി റിയാലാണ് നിരക്ക്. രണ്ടു മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിക്കും.