Sunday, October 6, 2024
HomeLatest NewsPoliticsപെട്രോൾ വില വർധന : സംസ്‌ഥാന സർക്കാർ അധിക നികുതി ഉപേക്ഷിക്കണമെന്ന് ഉമ്മൻ ചാണ്ടി

പെട്രോൾ വില വർധന : സംസ്‌ഥാന സർക്കാർ അധിക നികുതി ഉപേക്ഷിക്കണമെന്ന് ഉമ്മൻ ചാണ്ടി

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വർധിപ്പിച്ച വിലയുടെ അധിക നികുതി ഉപേക്ഷിക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാവണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു

കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോള്‍/ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് തികച്ചും അന്യായമാണ്.

ഈ മാസം ഇതുവരെ അഞ്ചു തവണയാണ് വില കൂട്ടിയത്. പെട്രോളിന് 86.61 രൂപയും ഡീസലിന് 80.74 രൂപയുമായതോടെ വന്‍ വിലക്കയറ്റത്തിന് വഴിയൊരുക്കി. അന്താരാഷ്ട്രവിപണയില്‍ ബെന്റ് ഇനം ക്രൂഡിന് വില 2020 ജനുവരിയില്‍ 63.65 ഡോളറായിരുന്നത് ഇപ്പോള്‍ 55.61 ഡോളറായി കുറഞ്ഞുനില്കുമ്പോഴാണ് രാജ്യത്ത് വില കുതിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്റെ പ്രധാന ഘടകം. ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്‌സൈസ് നികുതി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വിലയിട്ടാണ് ജനങ്ങളെ പിഴിയുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48 രൂപയായിരുന്ന എക്‌സൈസ് നികുതിയാണ് ഇപ്പോള്‍ മൂന്നിരട്ടിയായത്. ഡീസലിന് 3.56 രൂപയായിരുന്നത് 10 മടങ്ങായി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണം. യുഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍/ ഡീസല്‍ വില കുതിച്ചു കയറിയപ്പോള്‍ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. ഇടതുസര്‍ക്കാര്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുവേളിയില്‍ മാത്രം ഒരു രൂപയുടെ ഇളവ് നല്കി. കര്‍ണാടക തെരഞ്ഞെടുപ്പുവേളയില്‍ മൂന്നാഴ്ച പെട്രോളിയം കമ്പനികള്‍ വില കൂട്ടിയില്ല. വര്‍ധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments