കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് കൊച്ചി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ഉച്ചയോടെ കൊച്ചിയിൽ എത്തിക്കും. ഇയാൾ മുസ്ലിം ലീഗ് അനുഭാവിയാണെന്നാണ് വിവരം.
വ്യാജ ട്വിറ്റർ അക്കൗഡിലൂടെ ഇയാൾ വീഡിയോ അപ്‍ലോഡ് ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ നിന്നുമാണ് മറ്റു സാമൂഹികമാധ്യമങ്ങളിലേക്ക് വീഡിയോ പ്രചരിച്ചത്. സ്വന്തം ട്വിറ്റർ അക്കൗണ്ടുമായി ബന്ധപ്പെടുത്തി വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതാണ് ഇയാളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത് എന്നാണ് വിവരം. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ച ഇയാൾ ഒളിവിൽ പോവുകയായിരുന്നു എന്നാണ് അറിയുന്നത്.
വ്യാജ വീഡിയോ കേസില്‍ പിടിയിലായത് ലീഗുകാരനായതിനാൽ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് എം സ്വരാജ് പറഞ്ഞു. അതേസമയം, അബ്ദുൽ ലത്തീഫിന് മുസ്ലിം ലീഗുമായി ബന്ധമില്ലെന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം പറഞ്ഞു.
വ്യാജപ്രചാരണത്തിനെതിരെ ജോ ജോസഫിന്‍റെ ഭാര്യ ദയാ പാസ്കൽ നേരത്ത നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബർ ആക്രമണമാണ് തങ്ങൾ നേരിടുന്നത്. ഇലക്ഷന് ശേഷവും ഒരു ജീവിതമുണ്ടെന്നും ആരോഗ്യകരമായ മത്സരമാണ് വേണ്ടതെന്നും അവർ പറഞ്ഞിരുന്നു.