Pravasimalayaly

കാക്കനാട് എംഡിഎംഎ കേസ്: മുഖ്യപ്രതി ഷംസുദ്ദീന്‍ സേട്ട് അറസ്റ്റില്‍

കൊച്ചി: കാക്കനാട് എംഡിഎംഎ കേസിലെ മുഖ്യപ്രതി ഷംസുദ്ദീന്‍ സേട്ട് അറസ്റ്റില്‍. മധുരയില്‍ വെച്ചാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. എംഡിഎംഎയുടെ മൊത്ത വിതരണക്കാരനാണ് ഷംസുദീന്‍ സേട്ട്. ഉദ്യോഗസ്ഥ തലത്തില്‍ അട്ടിമറി നടന്നതോടെ വലിയ വിവാദത്തിലായ കേസാണ് കാക്കനാട് എംഡിഎംഎ കേസ്. കേസിലെ പ്രതികള്‍ ഷംസുദ്ദീന്‍ സേട്ടില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് വ്യക്തമായിരുന്നു. പ്രതികള്‍ ഇയാളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ തെളിവും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.കൊച്ചിയിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയായിരുന്നു കാക്കാനാട് കേസില്‍ ആദ്യം എക്‌സൈസ് പിടികൂടിയത്. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ട ചിലരെ പ്രതി ചേര്‍ക്കാതെ വിട്ടയച്ചതും മാന്‍കൊമ്പടക്കം ഇവരില്‍ നിന്ന് പിടികൂടിയതുള്‍പ്പെടെ മഹസറില്‍ ചേര്‍ക്കാഞ്ഞതും വിവാദമുണ്ടാക്കി. പിന്നാലെ കേസ് സ്‌പെഷ്യല്‍ സംഘത്തെ ഏല്‍പ്പിച്ചു. അന്വേഷണം നടത്തിയ സംഘം കേസില്‍ 4000 പേജുള്ള കുറ്റപത്രം എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.കോഴിക്കോട് സ്വദേശി മുഹമ്മദ് ഫവാസ് ആണ് കേസിലെ ഒന്നാം പ്രതി. ശ്രീമോന്‍ രണ്ടാം പ്രതിയും മുഹമ്മദ് അജ്മല്‍ മൂന്നാം പ്രതിയുമാണ്. കേസിലെ 19 പ്രതികളില്‍ 3 പേര്‍ വിദേശത്തും 3 പേര്‍ ഇന്ത്യയിലുമായി ഒളിവിലാണുള്ളത്. എക്‌സൈസ് കേസ് എടുക്കാതെ വിട്ടയച്ച ഫൈസല്‍ ഫവാസ് പിന്നീട് വിദേശത്തേക്ക് കടന്നിരുന്നു. നേരത്തെ കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്ന മയക്കുമരുന്ന് ഇടപാട് അവിടെ പിടിക്കപ്പെട്ടതോടെയാണ് കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Exit mobile version