Monday, November 25, 2024
HomeNewsKeralaസംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്; രോഗം ദുബായിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്; രോഗം ദുബായിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 31കാരന്റെ നില തൃപ്തികരമാണ്.

കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു. നേരത്തെ കൊല്ലം സ്വദേശിക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിയുന്നത്. ഷാര്‍ജയില്‍ നിന്നെത്തിയ ഇയാള്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

അതിനിടെ സംസ്ഥാനത്ത് മങ്കിപോക്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി വീണാ ജോര്‍ജ് അറിയിച്ചു. ചിക്കന്‍പോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവര്‍ക്ക് മങ്കി പോക്‌സ് ഇല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തില്‍ മറ്റൊര്‍ക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ സമാന ലക്ഷണമുള്ള സാമ്പിളുകള്‍ റാന്‍ഡമായി പരിശോധിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്. രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാണെന്നും മന്ത്രി പറഞ്ഞു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments