പാര്‍ട്ടി, സര്‍ക്കാര്‍ കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനനിരക്കില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന കേരളത്തില്‍ നിയന്ത്രണങ്ങള്‍ അതിശക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഇറക്കിയെങ്കിലും ആ പ്രഖ്യാപനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ തന്നെ പുല്ലുവില കല്പിക്കുന്നു. രാത്രിയാത്ര വരെ ഒഴിവാക്കണമെന്നു നിര്‍ദേശം നല്കുകയും സിനിമാ അവാര്‍ഡ് പോലും നേരില്‍ നല്കാതിരിക്കുകയും ചെയ്ത് കോവിഡ് നിയന്ത്രണം കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ മറികടക്കുന്ന ദൃശ്യങ്ങളാണ് സാക്ഷ്യം വഹിക്കുന്നത്. ജില്ലാ തലത്തില്‍ നടത്തുന്ന അദാലത്തുകളിലൊന്നും കോവിഡ് നിയന്ത്രണം പാലിക്കപ്പെടുന്നില്ല. ഈ മാസം ഒന്നി മുതല്‍ 18 വരെയാണ് ഇത്തരത്തിലുള്ള അദാലത്തുകള്‍ സംഘടിപ്പിച്ചത്. തുടക്കത്തില്‍ തന്നെ വന്‍തോതില്‍ കോവിഡ് നിയന്ത്രണ ലംഘനമാണ് ഉണ്ടായിരിക്കുന്നത്.
ഇതിനു പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന ഐശ്വര്യകേരള യാത്രയും കോവിഡ് നിയന്ത്രണങ്ങള്‍ ഒന്നും പാലിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ഒന്നും പാലിക്കാതെ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരേ മാത്രം ആക്ഷേപം ഉന്നയിച്ചാല്‍ വിലപ്പോകില്ലെന്നാണ് പ്രതിപക്ഷനേതാവിന്റെ നിലപാട്. ഇതിനിടയില്‍ ഇടതുപക്ഷത്തിന്റെ രണ്ട് മേഖലാ ജാഥകള്‍കൂടി ഉടന്‍ വരുന്നുണ്ട്. ഇതോടെ കോവിഡ് പ്രോട്ടോക്കോള്‍ ആരൊക്കെ പാലിക്കുമെന്നു കണ്ടറിയാം. സാധാരണ ജനത്തിനു മാത്രമോ നിയന്ത്രണം.