തിരുവനന്തപുരം: ഉപഭോക്താക്കളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് കുടിവെള്ള ചാർജ് ബില്ലിംഗിന് ഏർപ്പെടുത്തിയ സെൽഫ് റീഡിങ് സംവിധാനത്തിലൂടെ, പുതിയ സാങ്കേതികവിദ്യയെ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന ഉത്തമമാതൃകയാണ് കേരള വാട്ടർ അതോറിറ്റി അവതരിപ്പിക്കുന്നതെന്ന് ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പറഞ്ഞു. അപേക്ഷകർക്ക് ഒരു ഘട്ടത്തിലും ഒാഫിസുകളിൽ നേരിട്ടെത്താതെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായി അവതരിപ്പിച്ച ഇ-ടാപ്പ് സംവിധാനവും പുതിയ കാലത്തിന്റെ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാഗത രീതികളിൽനിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി, കുടിവെള്ള കണക്ഷൻ നടപടികൾ അനായാസമാക്കാൻ ഏർപ്പെടുത്തിയ ഒാൺലൈൻ സംവിധാനമായ ഇ-ടാപ്പ്, സെൽഫ് മീറ്റർ റീഡിങ് സംവിധാനം എന്നിവയുൾപ്പെടെ പുതിയ അഞ്ച് വിവരസാങ്കേതിക സോഫ്റ്റ് വെയറുകളുടെ ഉദ്ഘാടനം വാട്ടർ അതോറിറ്റി ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മഹാമാരിക്കാലത്ത് സേവനങ്ങളിൽ മനുഷ്യ ഇടപെടൽ പരമാവധി കുറച്ച് സുതാര്യയും സമയലാഭവും കാര്യക്ഷമതയുമുള്ള വിവരസാങ്കേതിക സംവിധാനങ്ങളൊരുക്കുന്നതിൽ വാട്ടർ അതോറിറ്റി ഏറെ മുന്നിലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ എസ്. വെങ്കടേസപതി ഐഎഎസ്, വാട്ടർ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പുതിയ കണക്ഷൻ ലഭിക്കാൻ വാട്ടർ അതോറിറ്റി ഒാഫിസുകളിൽ നേരിട്ടെത്താതെ ഒാൺലൈൻ വഴി അപേക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഇ-ടാപ്പ് എന്ന പേരിൽ നടപ്പിലാക്കുന്നത്. പ്രാരംഭഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പിടിപി നഗർ സബ് ഡിവിഷൻ, സെൻട്രൽ സബ് ഡിവിഷനു കീഴിലുള്ള പാളയം സെക്ഷൻ, കോഴിക്കോട് ജില്ലയിലെ ഡിസ്ട്രിബ്യൂഷൻ സബ് ഡിവിഷൻ 1 എന്നീ വാട്ടർ അതോറിറ്റി ഒാഫിസുകൾക്കു കീഴിലുള്ള കണക്ഷനുകൾക്കാണ് പൂർണമായും ഒാൺലൈൻ വഴി അപേക്ഷിക്കാൻ സൗകര്യമേർപ്പെടുത്തുന്നത്. താമസിയാതെ വാട്ടർ അതോറിറ്റിയുടെ എല്ലാ കുടിവെള്ള കണക്ഷനുകളും പൂർണമായും ഒാൺലൈൻ വഴി ലഭ്യമാക്കാനുള്ള സംവിധാനം നിലവിൽ വരും. അപേക്ഷ സമർപ്പിക്കുന്നതു മുതൽ ഒരു ഘട്ടത്തിൽ പോലും അപേക്ഷകൻ ഓഫീസിൽ എത്തേണ്ടതില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ മെച്ചം.
കുടിവെള്ള കണക്ഷൻ ഒാൺലൈൻ വഴി ലഭ്യമാക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന ഇ-ടാപ്പ് സംവിധാനം വഴി, അപേക്ഷകളോടൊപ്പം അനുബന്ധ രേഖകൾ ഫോട്ടോ എടുത്തോ സ്കാൻ ചെയ്തോ ഉൾപ്പെടുത്താൻ സാധിക്കും. ഈ അപേക്ഷകൾ ബന്ധപ്പെട്ട സെക്ഷൻ ഓഫീസുകളിൽ എത്തുന്നതോടെ സ്ഥലപരിശോധനയ്ക്കായി കൈമാറും. ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി കണക്ഷൻ നൽകാൻ സാധിക്കും എന്നു ബോധ്യപ്പെടുന്നതോടെ കണക്ഷൻ നൽകുന്ന പ്ലംബറെയും എസ്റ്റിമേറ്റ് തുകയും തീരുമാനിക്കും. ഈ വിവരങ്ങൾ അപേക്ഷകന് എസ്എംഎസ് ആയി ലഭിക്കും. തുക ഓൺലൈൻ ആയി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യവും ഇ-ടാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുക ഓൺലൈൻ ആയി അടയ്ക്കുന്നതോടെ കണക്ഷൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് കൺസ്യൂമർ സർവീസ് സെന്ററുകൾ വഴിയോ വാട്ടർ അതോറിറ്റി ഓഫീസുകൾ വഴിയോ ഇ-ടാപ്പ് അപേക്ഷകൾ സമർപ്പിക്കാം.
മീറ്റർ റീഡർ വീട്ടിലെത്താതെ, സ്വയം ബിൽ റീഡിങ് നടത്താൻ സഹായിക്കുന്ന സംവിധാനമാണ് സെൽഫ് റീഡിങ് സോഫ്ട് വെയർ വഴി ഒരുക്കുന്നത്. വാട്ടർ അതോറിറ്റി ഓഫീസിൽ ബിൽ സൃഷ്ടിക്കപ്പെടുമ്പോൾത്തന്നെ, ഉപഭോക്താവിന് എസ്എംഎസ് ആയി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് സ്വയം വാട്ടർ മീറ്റർ റീഡിങ് രേഖപ്പെടുത്താൻ സാധിക്കുന്ന സംവിധാനമാണ് സെൽഫ് മീറ്റർ റീഡിങ്. ഉപഭോക്താവ് മീറ്റർ റീഡിങ് രേഖപ്പെടുത്തി മീറ്ററിന്റെ ഫോട്ടോ എടുക്കുമ്പോൾ തന്നെ മീറ്റർ/ കണക്ഷൻ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും രേഖപ്പെടുത്തും. ഇങ്ങനെ സമർപ്പിക്കുന്ന റീഡിങ് പരിശോധിച്ച്, ഉപഭോക്താവിന് ബിൽ തുകയും മറ്റു വിവരങ്ങളും എസ്എംഎസ് ആയി നൽകും. ബിൽ തുക ഉപഭോക്താവിന് ഓൺലൈൻ ആയി തന്നെ അടയ്ക്കാനും സാധിക്കും.
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജ്‌മെന്റ് സൊല്യൂഷൻ (എഫ്.എ.എം.എസ്), മെറ്റീരിയൽസ് മാനേജ്മെന്റ് സിസ്റ്റം, ആപ്ട് എന്നീ പുതിയ സോഫ്ട് വെയറുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വാട്ടർ അതോറിറ്റിയുടെ 650-ഓളം ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണത്തിനു സഹായകരമായ ഡിജിറ്റൽ ബാങ്കിങ് സൊല്യൂഷനാണ് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജ്‌മന്റ് സൊല്യൂഷൻ. ഇതുവഴി വാട്ടർ അതോറിറ്റിയിൽ സാമ്പത്തിക അവലോകനം ലളിതമാവുകയും ദിനംപ്രതിയുള്ള വാട്ടർ ചാർജ് കളക്ഷൻ തുക ലഭ്യമാക്കുന്നതു വഴി റവന്യൂ മോണിറ്ററിങ് സുഗമമാകുകയും ചെയ്യും. വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള സ്റ്റോറുകളിലെ സാമഗ്രികളുടെ കൈകാര്യം കാര്യക്ഷമമാക്കുന്ന സംവിധാനമാണ് മെറ്റീരിയൽസ് മാനേജ്മെന്റ് സിസ്റ്റം. അതോറിറ്റിയുടെ ദർഘാസ് പരസ്യങ്ങളുടെ പ്രസിദ്ധീകരണത്തിനുള്ള ഒാൺലൈൻ സംവിധാനമാണ് ആപ്ട്(ഒാട്ടമേറ്റഡ് പ്ലാറ്റ്ഫോം ഫോർ പബ്ലിഷിങ് ടെൻഡർ നോട്ടിഫിക്കേഷൻസ് ഒാഫ് കെഡബ്ല്യുഎ). സേവനങ്ങളും ഒാഫിസ് നടപടിക്രമങ്ങളും ലളിതമാക്കാനായി വാട്ടർ അതോറിറ്റി ഐടി വിഭാഗം തയാറാക്കിയ 13 സോഫ്ട് വെയറുകളുടെ ഉദ്ഘാടനം വകുപ്പുമന്ത്രി കഴിഞ്ഞ മാസങ്ങളിൽ നിർവഹിച്ചിരുന്നു.