Pravasimalayaly

നേതാക്കളെ കണ്ട് അനുഗ്രഹ വും പിന്തുണയും തേടി നിയുക്ത പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളെ നേരിൽ കണ്ട് അനുഗ്രഹം തേടിയും പിന്തുണ അഭ്യർഥിച്ചും നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്നലെ രാത്രി വൈകി തിരുവനന്തപുരത്തു എത്തിയ സതീശൻ തന്റെ ദിവസം ആരംഭിച്ചത് സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ നേരിൽ കണ്ടാണ്. രാവിലെ എട്ടു മണിയോടെ കേശവദാസപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. സതീശനെ സ്വീകരിച്ച അദ്ദേഹം ദീർഘനേരം സതീശനുമായി സംസാരിച്ചു. പുറത്തിറങ്ങിയ ഇരുവരും പത്രക്കാരെ കണ്ടു തങ്ങളുടെ ദീർഘകാലത്തെ സൗഹൃദവും കോൺഗ്രസിന്റെ തലമുറ മാറ്റത്തെ കുറിച്ചും സംസാരിച്ചു. പത്തു മണിയോടെ കെ.പി.സി.സി. ഓഫീസിലെത്തിയ പ്രതിപക്ഷ നേതാവിനെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഓഫീസിന്റെ കവാടത്തിൽ ത്രിവർണ്ണ ഷാൾ അണിയിച്ചു സ്വീകരിച്ചു. തുടർന്ന് ഇരുവരും കെ പി സി സി പ്രസിഡന്റിന്റെ ഓഫീസിൽ രാഷ്ട്രീയ ചർച്ചകളിൽ മുഴുകി. അവിടുന്ന് നേരെ പോയത് തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന മുൻ സ്പീക്കർ ജി.കാർത്തികേയന്റെ വസതിയിലേക്കാണ്. ജി.കെ.യുടെ ഭാര്യ സുലേഖ ടീച്ചറുമായും മകനും മുൻ എം എൽ എ.യുമായ കെ.എസ്.ശബരീനാഥുമായി ഏറെ നേരം സംസാരിച്ചു. ജി.കെ. മകനെ പോലെ കരുതിയ ഒരു നേതാവാണ് സതീശനെന്നും കൂടിക്കാഴ്ച വികാരനിര്ഭരമായിരുന്നു എന്നും ശബരി ഫേസ്‌ബുക്കിൽ കുറിച്ചു. താൻ വൈസ് പ്രസിഡന്റായിരുന്നപ്പോൾ കെ.പി.സി.സി. പ്രസിഡന്റുമാരായിരുന്ന വി.എം.സുധീരൻ, യു.ഡി.എഫ്. കൺവീനർ കൂടിയായ എം.എം. ഹസൻ, കേരള കോൺഗ്രസ് നേതാവ് പി. ജെ
ജോസഫ്, മുൻ ഗവർണ്ണർ വക്കം പുരുഷോത്തമൻ മുൻ കെ പി സി സി പ്രസിഡന്റും മുതിർന്ന നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള തുടങ്ങിയവരെയും അദ്ദേഹം സന്ദർശിച്ചു പിന്തുണയാഭ്യർത്ഥിച്ചു. ഇന്നലെ ശതാഭിഷിക്തനായ കലാമണ്ഡലം ഗോപിയെ വി ഡി സതീശൻ ഫോണിൽ ആശംസകൾ നേർന്നു. ശബരിമല തന്ത്രി കണ്ഠരര് മോഹനരര്, തിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ എന്നിവർ നിയുക്ത പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചു ആശംസകൾ നേർന്നു.

Exit mobile version