Pravasimalayaly

മേഴ്സിക്കുട്ടിയമ്മയ്ക്ക് ഫിഷറീസ് വകുപ്പ് മന്ത്രിയായി ഇരിക്കാനുള്ള യോഗ്യത പൂർണമായും നഷ്ടപ്പെട്ടു :ചെന്നിത്തല

തിരുവനന്തപുരം: മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഫിഷറീസ് വകുപ്പ് മന്ത്രിയായി ഇരിക്കാനുള്ള യോഗ്യത പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് രമേശ്  ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റ്

ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ചുവടെ

2018 ന്യൂയോർക്കിൽ വച്ച് മേഴ്സിക്കുട്ടിയമ്മ ഇ. എം.സി.സി എന്ന കമ്പനിയുമായി ചർച്ച നടത്തി എന്നത് ഇപ്പോൾ പകൽപോലെ വ്യക്തമായിരിക്കുകയാണ്. ആദ്യം ഇക്കാര്യം നിഷേധിച്ചെങ്കിലും പിന്നീട് മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. പുറംകടലിൽ ദിവസങ്ങൾ നീളുന്ന മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക്‌ പ്രോത്സാഹനം നൽകും എന്ന ഭാഗം കൗശലപൂർവ്വം മത്സ്യ നയത്തിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ ഇ.എം.സി.സി എന്ന അമേരിക്കൻ കമ്പനിയ്ക്ക് ഒത്താശ നൽകിയത്. വിദേശ ട്രോളറുകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധനംകേരളത്തിന്റെ മത്സ്യനയത്തിനു വിരുദ്ധമാണെന്ന് ഇപ്പോൾ പറയുന്ന മന്ത്രിമാർ, എന്തുകൊണ്ട് ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറായില്ല?ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി എന്തിനാണ് കരാർ ഉണ്ടാക്കിയത്?ചേർത്തലയിൽ നാലേക്കർ സർക്കാർ ഭൂമി ഇ.എം.സി.സിയ്ക്ക് അനുവദിച്ചത് എന്തിനാണ്?2019 ഓഗസ്റ്റ് രണ്ടിനാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇ. എം.സി.സി അധികൃതർ പദ്ധതി രേഖ നൽകി ചർച്ച നടത്തിയത്. മത്സ്യ നയത്തിന് എതിരായ ഈ പദ്ധതി അന്ന് എന്തുകൊണ്ട് തള്ളിക്കളഞ്ഞില്ല?ഫിഷറീസ് ഉദ്യോഗസ്ഥരെയും കൂട്ടി, കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രിയെ കാണാൻ പോയത് മേഴ്സിക്കുട്ടിയമ്മയാണ്. അതായത് മത്സ്യ നയത്തിനു വിരുദ്ധമായ പദ്ധതിയുമായി വന്നവരെ തിരിച്ചയക്കുന്നതിന് പകരം അവരെയും കൂട്ടി ക്ലിഫ് ഹൗസിൽ ചെന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡി.പി.ആർ.നൽകാൻ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്.മത്സ്യത്തൊഴിലാളികളുടെ താല്പര്യത്തിനും മത്സ്യ നയത്തിനും വിരുദ്ധമാണ് എന്ന് ഒറ്റനോട്ടത്തിൽ ആർക്കും ബോധ്യമാകുന്ന ഈ പദ്ധതി എന്തുകൊണ്ടാണ് മുഖ്യമന്ത്രിയ്ക്കും,ജ്യോതിലാൽ ഉൾപ്പെടെ ഫിഷറീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാൻ കഴിയാതെ പോയത്?മത്സ്യനയത്തിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി ഈ പദ്ധതി നടപ്പാക്കാനുള്ള ഗൂഢാലോചനയാണ് മുഖ്യമന്ത്രി മറ്റു രണ്ടു മന്ത്രിമാരുമായി ചേർന്ന് നടത്തിയത്. കമ്പനിയെ കുറിച്ചുള്ള അന്വേഷണം നടത്തിയ കേന്ദ്ര വിദേശകാര്യ വകുപ്പ് കമ്പനി വ്യാജമാണ് എന്ന റിപ്പോർട്ട് നൽകിയിട്ടും സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. ഇത്തരമൊരു കമ്പനിയ്ക്ക് കോടികളുടെ കരാറും നാലേക്കർ സർക്കാർ ഭൂമിയും എങ്ങനെ നൽകി എന്ന് സർക്കാർ വ്യക്തമാക്കണം. പ്രതിപക്ഷം ഇത് ചൂണ്ടി കാണിച്ചില്ലായിരുന്നെങ്കിൽ പോകുന്ന പോക്കിൽ സർക്കാർ ഇത് നടപ്പാക്കുമായിരുന്നു.ആഴക്കടൽ മത്സ്യബന്ധനത്തിനു വേണ്ട എല്ലാ ഒത്താശയും ഒരു അമേരിക്കൻ കമ്പനിയ്ക്ക് നൽകിയിട്ട് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു എന്ന് പറയുന്നത് പരിഹാസ്യമാണ്.കെ.ൽ.ഐ.എൻ.സി യുമായുള്ള ഉപകരാർ മാത്രമല്ല കെ.എസ്.ഐ,ഡി.സിയുമായുള്ള പ്രധാനകരാറും ഉപാധിരഹിതമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. വിഷയത്തിൽ സമഗ്രമായ ജൂഡിഷ്യൽ അന്വേഷണം നടത്തണം. മത്സ്യത്തൊഴിലാളികളോട് വിശ്വാസവഞ്ചന കാണിച്ച ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ രാജിവച്ചൊഴിയണം.#CorruptLDFGovt#kerala

Exit mobile version