തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ അധോലോക പ്രവർത്തനമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു ബന്ധവുമില്ലെന്ന മുഖ്യന്ത്രിയുടെ ആവർത്തിച്ചുള്ള കള്ളം ഇ.ഡിയുടെ റിപ്പോർട്ടോടെ ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഐ.ടി.@സ്കൂൾ പദ്ധതിക്ക് പിന്നിലും സ്വർണക്കള്ളക്കടത്തുകാർക്ക് ബന്ധമുണ്ട്. സ്കൂളിൽ വിതരണം ചെയ്ത ഉപകരണങ്ങളുടെ ഗുണ നിലവാരം പരിശോധിക്കണം. വ്യാപകമായ പരാതി ഇതിനെ പറ്റി ഉയർന്ന് വരികയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തുന്നുവെന്ന വിവരം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്കും അറിയാമായിരുന്നുവെന്നാണ് ഇ.ഡിക്ക് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ആ കസേരയിലിരിക്കൻ ഇനി ഒരു നിമിഷം പോലും അർഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത് അഴിമതിയും കള്ളപ്പണ ഇടപാടുമാണ്. കള്ളക്കടത്തു സംഘത്തെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. പൊതുജനവിശ്വാസം സംരക്ഷിക്കേണ്ട ശിവശങ്കറിനെ പോലെയുള്ള ആൾ ഇത്തരത്തിൽ കള്ളക്കടത്തിന് കൂട്ടുനിന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.ഖാലിദ് സ്വപ്നയ്ക്ക് നൽകിയ ഒരു കോടി രൂപ ശിവങ്കറിനുള്ള കോഴയായിരുന്നു എന്നാണ് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷം പറഞ്ഞതെല്ലാം ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. കള്ളക്കടത്തുകാർക്ക് താങ്ങും തണലുമാവുകയാണ് മുഖ്യമന്ത്രി. സർക്കാർ പദ്ധതികളെല്ലാം ഒന്നിന് പുറകെ ഒന്നായി സംശയത്തിന്റെ നിഴലിൽ വരുന്നു. ഇതിന്റെ സംക്ഷിപ്ത രൂപമാണ് കോടതിയിൽ ഇ.ഡി. കൊടുത്ത റിപ്പോർട്ട്. എന്നാൽ എല്ലാത്തിനേയും പാർട്ടിയെ ഇറക്കി പ്രതിരോധിക്കുകയാണ് മുഖ്യമന്ത്രി. തട്ടിപ്പും വെട്ടിപ്പും നടത്തിയിട്ട് രക്ഷപ്പെടാൻ പാർട്ടിയെ ഉപയോഗിക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു.