തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സുരക്ഷ വർധിപ്പിച്ചു. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്. സുരക്ഷ വർധിപ്പിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഡിജിപി നിർദേശം നൽകിയത്.
പ്രതിപക്ഷ നേതാവിന് പ്രത്യേക കാവലിനു പുറമെ എസ്‌കോർട്ട് ഉൾപ്പെടെ ഒരുക്കാനാണ് നിർദേശം. ഇന്നലെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി യുടെ സുരക്ഷ കൂട്ടിയിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കണമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഇടുക്കി എൻജിനീറിങ് കോളേജ് വിദ്യാർത്ഥിയായ ധീരജിനെ കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തി കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങൾ നടക്കുന്നുണ്ട്. പലയിടങ്ങളിലും കോൺഗ്രസ് ഓഫീസുകളും കൊടിമരങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. ഇന്നലെ രാത്രി കോഴിക്കോട് കൊയിലാണ്ടിയിലും പയ്യോളിയിലും നാദാപുരം എടച്ചേരിയിലും കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്.