‘ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുന്നോ?’ഇത് കേരളമാണ് മറക്കരുതെന്നു സതീശന്‍

0
25

തിരുവനന്തപുരം: വ്യാപാരികള്‍ കടതുറക്കുമെന്ന പ്രസ്താവനയ്‌ക്കെതിരേ ‘ മനസിലാക്കി കളിച്ചാല്‍ മതിയെന്ന’ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരേ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.
വ്യാപാരികളോടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ധിക്കാരം നിറഞ്ഞ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫേസ് ബുക്കില്‍ കുറിച്ചു. . ഇത് കേരളത്തില്‍ വിലപ്പോവില്ല. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആശ്വസിപ്പേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുന്നോ എന്നും സതീശന്‍ ചോദിക്കുന്നു. ”മനസ്സിലാക്കി കളിച്ചാല്‍ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തില്‍ വിലപ്പോകില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യന്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുന്നോ ? ഇത് കേരളമാണ്. മറക്കണ്ട.” സതീശന്‍ കുറിച്ചു.

കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പിണറായി വിജയന്‍ ഇന്നലെ മറുപടി നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരികളുടെ വികാരം മനസ്സിലാകും. ആളുകളുടെ ജീവന്‍ അപകടത്തിലാക്കാനാകില്ല. മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അശാസ്ത്രീയമായി കടകള്‍ അടയ്ക്കാനുള്ള തീരുമാനം അവഗണിച്ചുകൊണ്ട് വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കടകള്‍ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും അവരുടെ ഒപ്പം നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ മറ്റൊരു രീതിയിലേക്ക് നീങ്ങിയാല്‍ അതിനെ നേരിടേണ്ട രീതിയില്‍ നേരിടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Leave a Reply