Pravasimalayaly

വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നീണ്ടതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം, രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നാലു മണിക്കൂര്‍ വൈകുകയും, പിന്നീട് രോഗി മരിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു. യൂറോളജി, നെഫ്രോളജി വിഭാഗം തലവന്‍മാരായ ഡോ വാസുദേവന്‍ പോറ്റി, ഡോ ജേക്കബ് ജോര്‍ജ്ജ് എന്നിവരെ സസ്‌പെന്‍ഡുചെയ്തതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അറിയിച്ചു.

ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന രോഗിയെ തയാറാക്കുന്നതിലും ഏകോപനത്തിലും നെഫ്രോളജി , യൂറോളജി വിഭാഗങ്ങള്‍ക്ക് വീഴ്ചയുണ്ടായെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

കാരണക്കോണം സ്വദേശി സുരേഷ് ആണ് മരിച്ചത്. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. രോഗിയുടെ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നതായും സുരേഷിന്റെ ബന്ധുക്കള്‍ അറിയിച്ചു. മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

എറണാകുളം രാജഗിരി ആശുപത്രിയില്‍ മരിച്ച തൃശൂര്‍ പുതുക്കാട് സ്വദേശി ജിജിത്തിന്റെ ഒരു വൃക്കയാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത്. രാജഗിരിയില്‍ നിന്ന് കൃത്യം 2.30യ്ക്ക് ആംബുലന്‍സ് പുറപ്പെട്ടു. പൊലീസ് അകമ്പടിയോടെ 5.30 ന് ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തുകയും ചെയ്തു. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററിന് മുമ്പില്‍ വൃക്കയുമായി കാത്തു നില്‍ക്കേണ്ടി വന്നുവെന്ന് ആംബുലന്‍സ് ജീവനക്കാര്‍ വെളിപ്പെടുത്തിയരുന്നു.

Exit mobile version