തിരുവനന്തപുരം: പൗരാണിക സഭയായ യാക്കോബായ സുറിയാനി സഭയുടെ പുരാതന ദൈവാലയങ്ങളും സ്ഥാവര സ്വത്തുക്കളും അന്യായമായി സ്വന്തമാക്കുന്നതിന് വേണ്ടി ,യാക്കോബായ സുറിയാനി സഭയെയും അതിൻ്റെ ഒന്നാം നൂറ്റാണ്ടു മുതൽ കൈമാറി വരുന്ന വിശ്വാസത്തെയും ഇല്ലായ്മ ചെയ്യുവാൻ കോടതി ഉത്തരവിൻ്റെ മറവിൽ ഓർത്തഡോക്സ് വിഭാഗം ശ്രമിക്കുകയാണെന്ന് യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് പറഞ്ഞു. സഭയുടെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണത്തിനായി സെക്രട്ടറിയേറ്റ് നടയിൽ നടത്തിവരുന്ന അനിശ്ചിത കാല സത്യഗ്രഹ സമരം അഞ്ചാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷമനുസരിച്ച് പള്ളികൾ ഭാഗിച്ച് പിരിയണമെന്നും ന്യൂന പക്ഷത്തിന് അർഹമായ അവകാശം നൽകണമെന്നുമുള്ള നിർദ്ദേശം ശ്രീ .സി.അച്ച്യുതമേനോൻ മന്ത്രിസഭയുടെ കാലം മുതലുള്ളതാണെന്നും എന്നാൽ പരി. പാത്രിയർക്കീസ് ബാവായുൾപ്പടെ സകലരുടെയും സമാധാന ശ്രമങ്ങളെ തള്ളിക്കളഞ്ഞ്, ഓർത്തഡോക്സ് വിഭാഗം മനപ്പൂർവ്വം പ്രശ്നം സൃഷ്ടിക്കുകയാണെന്നും അദ്ധ്യക്ഷത വഹിച്ച തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മോർ മിലിത്തിയോസ് പറഞ്ഞു.
സത്യവിശ്വാസം , ചൂടും തണുപ്പും പോലെ അനുഭവിച്ചറിയേണ്ടതാണെന്നും, അത് കാണാൻ പറ്റുന്നതല്ലെന്നും മുഖ്യ പ്രഭാഷണം നടത്തിയ ശ്രീ.കൊല്ലം പണിക്കർ പറഞ്ഞു.സമരസമിതി കൺവീനർ തോമസ് മോർ അലക്സന്ത്രയോസ് , തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ.എബി സ്റ്റീഫൻ ,വൈദിക സെക്രട്ടറി ഫാ.സാജൻ ജോൺ, ഫാ.തോമസ് പൂതികോട്ട്, ഫാ.ജോർജ്ജ് പെരുമ്പട്ടത്ത്, സമര സമിതി സെക്രട്ടറി ഫാ.ജോൺ ഐപ്പ്, സെൻ്റ്.പീറ്റേഴ്സ് കത്തീഡ്രൽ വികാരി, ഫാ.സഖറിയ കളരിക്കാട് എന്നിവർ പ്രസംഗിച്ചു.
തുമ്പമൺ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിലായിരുന്നു ഇന്നലെത്തെ സമരം നടന്നത്.
സമരത്തിൻ്റെ ഭാഗമായി ഇന്നലെ സന്ധ്യയ്ക്ക് സെക്രട്ടറിയേറ്റിനു മുമ്പിലും സംസ്ഥാനത്തെ ആയിരത്തോളം കേന്ദ്രങ്ങളിലും വിശ്വാസികൾ പ്രതിഷേധ ജ്വാല തെളിയിച്ച്, പ്രതിഷേധ പ്രമേയം അവതരിപ്പിക്കുകയും വിശ്വാസ പ്രഖ്യാപനം നടത്തുകയും ചെയ്തു.