മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരം വിൽ സ്മിത്തിന്. ‘കിംഗ് റിച്ചാർഡി’ലെ അഭിനയത്തിനാണ് പുരസ്‍കാരം. മികച്ച നടിയായി ‘ദ ഐയ്‌സ് ഓഫ് ടമ്മി ഫായെ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജസീക്ക ചസ്റ്റൻ തെരഞ്ഞെടുക്കപ്പെട്ടു. ‘കോഡ’യാണ് മികച്ച ചിത്രം. ജയിൻ കാമ്പയിനാണ് മികച്ച സംവിധായക. ‘ദ പവർ ഓഫ് ദ ഡോഗ്’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിൻ. ഓസ്‌കർ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി രണ്ട് വർഷവും പുരസ്‌കാരം സ്ത്രീകൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്‌കാരത്തിന് അർഹയായത്.
കെന്നെത്ത് ബ്രനാഗ്, പോൾ തോമസ് ആൻഡേഴ്‌സൺ, സ്റ്റീവൻ സ്പിൽബർഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിൻ ചരിത്ര വിജയം നേടിയത്.
മികച്ച സഹനടനായി ട്രോയ് കോട്സൂർ തെരഞ്ഞെടുക്കപ്പെട്ടു. ‘കോഡ’യിലെ പ്രകടനത്തിനാണ് താരം അവാർഡ് നേടിയത്. മികച്ച സഹനടിയായി അരിയാന ഡെബോസ് തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റീഫൻ സ്പിൽബെർഗ് ഒരുക്കിയ ‘വെസ്റ്റ് സൈഡ് സ്‌റ്റോറി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം.
അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രമായ ‘ഡ്യൂൺ’ ആറ് അവാർഡുകൾ കരസ്ഥമാക്കി. എഡിറ്റിങ് , പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദലേഖനം, ഒർജിനൽ സ്‌കോർ, ഛായാഗ്രഹണം, മികച്ച വിഷ്വൽ ഇഫക്ട്‌സ് എന്നീ പുരസ്‌കാരങ്ങളാണ് ഡ്യൂൺ നേടിയത്.