പറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിന്ന ബിഹാറിലെ ജനങ്ങൾക്ക് നന്ദിയറിയിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീന്‍ ഒവൈസി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുമെന്ന് ഒവൈസി പ്രതികരിച്ചു. ആർജെഡി ഉൾപ്പെട്ട മഹാസഖ്യം സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചാൽ ഒപ്പം ചേരുമോ എന്ന ചോദ്യത്തിന് ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ തീരുമാനം എടുക്കൂവെന്നും ഒവൈസി വ്യക്തമാക്കി.
ബിഹാറിൽ മൂന്ന് സീറ്റുകളിൽ വിജയിച്ച എഐഎംഐഎം രണ്ട് സീറ്റുകളിൽ മുന്നേറ്റം തുടരുകയാണ്. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാൻ സാധിച്ചതാണ് നിർണായക വിജയത്തിലേക്ക് എഐഎംഐഎമ്മിനെ എത്തിച്ചത്. ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലങ്ങളിൽ മഹാസഖ്യത്തിനായി കോൺഗ്രസായിരുന്നു മത്സരിച്ചത്. കോൺഗ്രസിനൊപ്പം നിൽക്കാതെ ന്യൂനപക്ഷ വിഭാഗങ്ങൾ ഒവൈസിയെ പിന്തുണച്ചെന്നത് ബിഹാറിൽ ഒരു പുതിയ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണ്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 86% വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ലീഡ് നില വീണ്ടും മാറി മറിയുയാണ്. ഒടുവിലെ കണക്കുകൾ പ്രകാരം എൻഡിഎ 123 സീറ്റുകളിലും മഹാസഖ്യം 113 സീറ്റുകളിലും മറ്റുള്ളവർ 7 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. നേരിയ ഭൂരിപക്ഷത്തിലാണ് ലീഡിംഗ്. അട്ടിമറി ശ്രമം നടക്കുന്നതായി ആര്‍ജെഡിയും കോൺഗ്രസും സിപിഐഎംഎല്ലും ആരോപിച്ചു.