കണ്ണൂര്‍: ഉള്‍പാര്‍ട്ടി ജനാധിപത്യം ഉള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്ന് പി ജയരാജന്‍. വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ള ഏക പാര്‍ട്ടിയും ഉതാണ്. സംസ്ഥാന സമ്മേളനത്തില്‍ തന്നെ തഴഞ്ഞോ എന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്. മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണെന്നും പി ജയരാജന്‍ വിമര്‍ശിച്ചു.
പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്തു പദവി കിട്ടും എന്നതല്ല, നിലപാടാണ് പ്രധാനം. ആ നിലപാട് സമൂഹത്തിന്റെയും പ്രസ്ഥാനത്തിന്റേയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അത്യാവശ്യമാണെന്ന് ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ പാമ്പന്‍ മാധവന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പാര്‍ട്ടി സെക്രട്ടറിയറ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരായി സമൂഹമാധ്യമങ്ങളിലെ പ്രചാരണം കണ്ടിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം പി ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ജയരാജന്‍ അനുകൂലികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ‘പി.ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്’, ‘സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം’ എന്നാണ് റെഡ് ആര്‍മി എഫ് ബി പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ പറയുന്നത്. ‘കണ്ണൂരിന്‍ ചെന്താരകമല്ലോ ജയരാജന്‍’ എന്ന പാട്ടും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.