തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സിപിഎം സംസ്ഥാനസമതിയില്‍ രൂക്ഷവിമര്‍ശനവുമായി പി ജയരാജന്‍. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നായിരുന്നു ജയരാജന്റെ വിമര്‍ശനം. മുന്‍പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും പി ജയരാജന്‍ സംസ്ഥാനസമിതി യോഗത്തില്‍ പറഞ്ഞു.
ശശിയുടെ നിയമനത്തോടുള്ള വിയോജിപ്പ് പരസ്യമാക്കിയ ജയരാജന്‍, മുന്‍പ് ശശിക്കെതിരെ എന്തിന്റെ പേരിലാണോ നടപടിയെടുത്തത് ആ തെറ്റ് അദ്ദേഹം ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും ചൂണ്ടിക്കാട്ടി. തന്റെ പക്കല്‍ അതിനു തെളിവുണ്ടെന്നും ജയരാജന്‍ സൂചിപ്പിച്ചു.അതേസമയം, എതിരഭിപ്രായമുണ്ടെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത്തരം വിവരങ്ങള്‍ നേരത്തെ പാര്‍ട്ടിയെ അറിയിക്കാമായിരുന്നെന്നും കോടിയേരി പറഞ്ഞു. നിയമനകാര്യം ചര്‍ച്ച ചെയ്യുന്ന കമ്മിറ്റിയിലല്ല ഇക്കാര്യം പറയേണ്ടതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. എന്നാല്‍, സംസ്ഥാന കമ്മിറ്റി ചേരുമ്പോള്‍ മാത്രമേ അംഗങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയൂ എന്നും ബന്ധപ്പെട്ട വേദിയിലാണ് അഭിപ്രായം പറയുന്നതെന്നും പി.ജയരാജന്‍ മറുപടി നല്‍കി.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തീരുമാനിച്ചത്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറാകും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ചുമതലകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്