ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; വിശദീകരണവുമായി പി. രാജീവ്

0
26

കോഴിക്കോട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഡബ്ല്യു.സി.സി (വിമന്‍ ഇന്‍ സിനിമ കളക്റ്റിവ്, ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മ) ആവശ്യപ്പെട്ടതുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സംസ്ഥാന വ്യവസായ മന്ത്രി പി. രാജിവ്. റിപ്പോര്‍ട്ട് അതേപടി പുറത്തുവിടരുതെന്നും അതിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നുമാണ് ഡബ്ല്യൂ.സി.സിയുടെ ആവശ്യം എന്നാണ് താന്‍ പറഞ്ഞതെന്ന് രാജിവ് പറഞ്ഞു.ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലെ പത്രപ്രവര്‍ത്തകരുമായി നടത്തിയ ആശയസംവാദത്തിനിടയില്‍ രാജീവ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.‘കമ്മീഷന്‍സ് ഒഫ് എന്‍ക്വയറി ആക്റ്റ് അനുസരിച്ചല്ല ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയമിച്ചത്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്‌ക്കേണ്ട കാര്യമില്ല. ഡബ്ല്യു.സി.സി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ഹേമയ്ക്ക് മുമ്പാകെ മൊഴി നല്‍കിയവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ അവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവിടേണ്ടതില്ലെന്ന നിലപാടാണ് ഡബ്ല്യു.സി.സിക്കുള്ളതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും നടപ്പാക്കുക എന്നതിനാണ് പ്രാമുഖ്യം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്”, ഇക്കാര്യമാണ് താന്‍ ഡല്‍ഹിയിലെ സംവാദത്തില്‍ പറഞ്ഞതെന്നും രാജീവ് വ്യക്തമാക്കി.

Leave a Reply