Pravasimalayaly

തലശേരി നഗരസഭയെ തള്ളി മന്ത്രി പി.രാജീവ്, രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ വ്യവസായം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മന്ത്രി

വ്യവസായ സ്ഥാപനത്തിന് തലശേരി നഗരസഭ പൂട്ടിട്ട സംഭവത്തില്‍ വ്യവസായിയുടെ പരാതി ലഭിച്ച ഉടന്‍ ഇടപെട്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നു.രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ വ്യവസായം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇന്നലെ തന്നെ ഉദ്യോഗസ്ഥര്‍ അവിടെ പോയിരുന്നു. സ്ഥാപനം  തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ താക്കോലുമായി ഉദ്യോഗസ്ഥര്‍ അവിടെ പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ടെന്നും മന്ത്രി പറഞ്ഞു.

തലശേരി നഗരസഭയുടെ നടപടിയില്‍ മനംമടുത്ത് നാടുവിടേണ്ടി വന്ന രാജ് കബീറിന്റേയും ഭാര്യയുടേയും സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ സംരംഭങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ചില സംവിധാനങ്ങളില്‍ പ്രശ്‌നമുണ്ട് . ഇത് മാറ്റേണ്ടതുണ്ട്. വ്യവസായ- പഞ്ചായത്ത് മന്ത്രിമാര്‍ ചേര്‍ന്ന് മാറ്റങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടാതിരിക്കാന്‍ ജില്ലകളില്‍ വിദഗ്ധര്‍ അടങ്ങുന്ന ക്ലിനിക്കുകള്‍ തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഈ ക്ലിനിക്കുകളെ സമീപിക്കാം.

Exit mobile version