Pravasimalayaly

‘ഹൃദയം തന്നെ ഏല്‍പ്പിച്ച രോഗികളെ വഴിയാധാരമാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയി’; ജോ ജോസഫിനെതിരെ പത്മജ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. ജോ ജോസഫിനെതിരെ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഹൃദയം തന്നെ ഏല്‍പ്പിച്ച രോഗികളെ എല്ലാം വഴിയാധാരമാക്കിയിട്ടാണ് ജോ ജോസഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയതെന്നാണ് പത്മജ പറയുന്നത്. തൃക്കാക്കരയുടെ ഹൃദയം ഏല്‍പ്പിച്ചാല്‍ ഹൃദ്രോഗികളെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കും എന്നു പറയുന്ന ഡോക്ടറാണ് ഇങ്ങനെ ചെയ്തതെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പാരയായി മാറിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. നേതാക്കളുടെ അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എതിര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല.

യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് കുടുംബവാഴ്ചയെയും ഇതുപോലെയുള്ള ബന്ധുത്വ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയും എതിര്‍ത്തതാണ്. കെ വി തോമസ് ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കെ പി സി സി ക്ക് ആവുന്നില്ലെന്നും എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തോമസിനോടൊപ്പം കോണ്‍ഗ്രസ് വിട്ടു, ഇടതുപക്ഷവുമായി സഹകരിക്കുകയും ചെയ്യുന്നു.

Exit mobile version