Monday, January 20, 2025
HomeLatest Newsപാകിസ്ഥാനിൽ പട്ടാളം ഇടപെടുന്നു; ഇമ്രാൻ ഖാന് മുന്നറിയിപ്പുമായി സൈനിക മേധാവി

പാകിസ്ഥാനിൽ പട്ടാളം ഇടപെടുന്നു; ഇമ്രാൻ ഖാന് മുന്നറിയിപ്പുമായി സൈനിക മേധാവി

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് രാജി വയ്ക്കാൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഇമ്രാനെതിരെയുള്ള അവിശ്വാസ പ്രമേയം വോട്ടിനിടാനിരിക്കെയാണ് സൈന്യക മേധാവി രാജി ആവശ്യപ്പെട്ട് രം​ഗത്തെത്തിയതെന്നും സൂചനകളുണ്ട്. 

ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ- ഓപ്പറേഷന്റെ (ഒഐസി) ഈ മാസം നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷം രാജി നൽകണമെന്നാണ് ആവശ്യമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് യോ​ഗം. 

രാജ്യത്തെ ചാര സംഘടനകളുടെ മേധാവി നദീം അൻജും ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ബജ്‌വയും മറ്റു മൂന്ന് മുതിർന്ന സൈനിക ജനറൽമാരുമായി നടന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇമ്രാനെ തുടരാൻ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഇവർ എത്തിച്ചേരുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  

മുൻ സൈനിക മേധാവി റാഹീൽ ഷരീഫ്, ബജ്‌വയുമായി നടത്തുന്ന കൂടിക്കാഴ്ച സർക്കാരിനെ സംരക്ഷിക്കാൻ ഇടയാക്കുമെന്ന് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പ്രതീക്ഷിച്ചിരുന്നു. എന്നാൽ ദൗത്യത്തിൽ ഷരീഫ് പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 

നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം ഇമ്രാൻ സർക്കാരാണെന്നാരോപിച്ച് മാർച്ച് എട്ടിനാണ് പാകിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവയടക്കമുള്ള പ്രതിപക്ഷ കക്ഷികളിലെ നൂറോളം എംപിമാർ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്. പിടിഐയിലെ 25 വിമത എംപിമാർ കൂടി പ്രമേയത്തിനനുകൂലമായി വോട്ടു ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇമ്രാൻ സർക്കാരിന്റെ ഭാവി തുലാസിലാകുകയായിരുന്നു. 

വിമത എംപിമാരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 28നാകും പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുക.

സമ്മേളന കാര്യപരിപാടികളിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഉൾപ്പെടുത്തിയില്ലെങ്കിൽ തിങ്കളാഴ്ച ദേശീയ അസംബ്ലിക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷപാർട്ടികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഐസി യോഗം ഇതേ ഹാളിലാണ് നടക്കുക. അതിനിടെ, സൈനിക മേധാവി സ്ഥാനത്തു നിന്ന്‌ ഖമർ ജാവേദ് ബജ്‌വയെ നീക്കാൻ ഇമ്രാൻ ശ്രമിക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments