പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനെ 2021 ലെ ഐസിസി പുരുഷ ടി20 പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ഇതാദ്യമായാണ് റിസ്വാൻ ഈ നേട്ടം സ്വന്തമാക്കുന്നത്.
കഴിഞ്ഞ വർഷം 29 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിച്ച റിസ്വാന്‍ 73.66 ശരാശരിയില്‍ 1326 റണ്‍സ് നേടിയിരുന്നു. 134.89 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഇതിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലും ടി20 ലോകകപ്പിലും ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടി20 ലോകകപ്പിലെ മൂന്നാമത്തെ വലിയ റണ്‍വേട്ടക്കാരനായ റിസ്വാൻ പാകിസ്ഥാനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ റിസ്വാൻ 55 പന്തിൽ പുറത്താകാതെ 79 റൺസ് നേടിയിരുന്നു, ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ ആദ്യ ജയം നേടുന്നതിൽ ഇത് ഏറെ നിർണായകമായി.
കഴിഞ്ഞ വർഷം ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കറാച്ചിയില്‍ നടന്ന ട്വന്റി 20 മത്സരത്തില്‍ റിസ്വാന്‍ തന്റെ കന്നി സെഞ്ചുറിയും നേടിയിരുന്നു. പിന്നാലെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 87 റണ്‍സും അടിച്ചെടുത്തു.
അതേസമയം, ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ടാണ് 2021 ലെ ഐസിസി വനിതാ ടി20 പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ ടി20യിൽ ഈ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് ബ്യൂമോണ്ട്.