Pravasimalayaly

ഇമ്രാൻ ഖാന് തിരിച്ചടി; പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന്
സുപ്രിംകോടതി, ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ്

പാകിസ്താനിൽ ഇമ്രാൻ ഖാന് കനത്ത തിരിച്ചടി. പാകിസ്താൻ അസംബ്ലി പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പാകിസ്താൻ സുപ്രിംകോടതി വിധിച്ചു. പാക് അസംബ്ലി പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. ശനിയാഴ്ച ഇമ്രാൻ ഖാൻ വിശ്വാസ വോട്ട് തേടണമെന്നാണ് കോടതിയുടെ ഉത്തരവ്. അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായിട്ടാണ് ഇമ്രാൻഖാനെതിരായി വിധി പറഞ്ഞിരിക്കുന്നത്. ഡെപ്യുട്ടി സ്പീക്കറുടെ നടപടി സുപ്രിം കോടതി റദ്ദാക്കി.

അവിശ്വാസം അവതരിപ്പിക്കുന്നത് തടയാൻ സ്പീക്കർക്ക് അധികാരമില്ല, അവിശ്വാസ പ്രമേയം തടയാൻ സ്പീക്കർ ഭരണഘടന വളച്ചൊടിച്ചു. അവിശ്വാസം
പരിഗണനയിൽ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ കഴിയില്ല എന്നീ കാര്യങ്ങളാണ് പ്രതിപക്ഷം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. മൂന്ന് വാദങ്ങളെയും ഇമ്രാൻ ഖാന്റെ അഭിഭാഷകർ ഭരണഘടന ഉദ്ധരിച്ചു തന്നെ എതിർത്തിരുന്നു. പാർലമെന്റ് പിരിച്ചുവിട്ടത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.

ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുകയായിരുന്നു . തെരഞ്ഞെടുപ്പിന് തയാറാകാന്‍ ഇമ്രാൻ ഖാൻ ജനത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു . പിന്നാലെ തെരെഞ്ഞെടുപ്പ് വരെ കാവൽ പ്രധാന മന്ത്രിയായി തുടരുമെന്ന് ഇമ്രാൻ ഖാൻ അറിയിക്കുകയായിരുന്നു.

Exit mobile version