മാണി സി കാപ്പനും ഇടതു മുന്നണിയും തമ്മില്‍ അകലുന്നതായി റിപ്പോര്‍ട്ട്

0
53

കോട്ടയം: പാലാ എംഎല്‍എ മാണി സി കാപ്പനും ഇടതു മുന്നണിയും തമ്മില്‍ അകലുന്നതായി റിപ്പോര്‍ട്ട്. മുന്നണിയു‍ടെ ഭാഗമായി നിന്നുകൊണ്ട് ഇടതുപക്ഷ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങളായി അവതരിപ്പിക്കുമ്പോഴും മുന്നണിയെ തള്ളിപ്പറയുന്ന ചില നിലപാടുകള്‍ എംഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായാണ് സിപിഎം പ്രാദേശിക നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിരിക്കുന്നത്.

മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോഴും മണ്ഡലങ്ങളില്‍ സ്വകാര്യ സന്ദര്‍ശനങ്ങള്‍ നടത്തി വേണ്ടിവന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍പോലും തയ്യാറാണെന്ന നിലയില്‍ മാണി സി കാപ്പന്‍ സംസാരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് നിലവില്‍ സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്.

കേരളാ കോണ്‍ഗ്രസ്-എം ഇടതുമുന്നണിയുടെ ഭാഗമാകാന്‍ തീരുമാനിച്ചപ്പോള്‍തന്നെ മാണി സി കാപ്പന്‍ പ്രതിപക്ഷ നേതാവിനെ കണ്ട് യുഡിഎഫിലെത്താന്‍ താല്‍പര്യം അറിയിച്ചിരുന്നതായി കണ്‍വീനര്‍ എംഎം ഹസ്സന്‍ പ്രഖ്യാപിച്ചിരുന്നു.

മാണി സി കാപ്പന്‍ ആ സമയത്ത് മാധ്യമങ്ങളോട് സംസാരിച്ചതും അക്കാര്യങ്ങളില്‍ ചില സംശയങ്ങള്‍ ബാക്കിവച്ചുകൊണ്ടുതന്നെയായിരുന്നു. പിന്നീട് എംഎം ഹസ്സന്‍റെ പ്രസ്താവന കാപ്പന്‍തന്നെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

അന്നുമുതല്‍ തന്നെ കാപ്പനും ഇടതുമുന്നണിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന നിലപാടാണ് അടുത്ത ദിവസങ്ങളില്‍ കാപ്പന്‍ ആവര്‍ത്തിച്ചത്.

അതിനിടയിലും മണ്ഡലത്തില്‍ നടത്തുന്ന സ്വകാര്യ കൂടിക്കാഴ്ചകളില്‍ പ്രമുഖ വ്യക്തികളോട് വേണ്ടിവന്നാല്‍ താന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത സൂചിപ്പിച്ചാണ് എംഎല്‍എ സംസാരിക്കുന്നതെന്നാണ് സിപിഎമ്മിന്‍റെ പരാതി.

അങ്ങനെവന്നാല്‍ മണ്ഡലത്തില്‍ കാപ്പനെ തുറന്നെതിര്‍ക്കേണ്ടിവരുമെന്ന നിലപാട് സ്വീകരിക്കാന്‍ സിപിഎം തയ്യാറായേക്കും.

എംഎല്‍എ എന്ന നിലയില്‍ കാപ്പന്‍റെ പ്രവര്‍ത്തനശൈലികള്‍ സംബന്ധിച്ച ചില വിയോജിപ്പുകള്‍ ചില ഇടതുമുന്നണി നേതാക്കള്‍ നേതൃത്വത്തോട് പങ്കുവച്ചിട്ടുണ്ട്.

മണ്ഡലത്തിലെ സജീവ സാന്നിധ്യം, ഉപതെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പാലായിലെ സമുദായ നേതാക്കളെയും സംഘടനകളെയും നേരില്‍ കണ്ട് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതിലുള്ള തുടര്‍ ഇടപെടലുകള്‍ എന്നിവയില്‍ കുറച്ചുകൂടി ജാഗ്രത വേണമെന്ന അഭിപ്രായം മുന്നണിക്കുണ്ട്.

പാലാ ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ എംഎല്‍എ എന്ന നിലയിലുള്ള തുടര്‍ ഇടപെടലുകള്‍ ശക്തമാക്കണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു.

ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ പലതും നലപ്പിലാക്കാതെ വരികയും ഇക്കാര്യങ്ങള്‍ ജോസ് കെ മാണി എംപി വഴി ചില കേന്ദ്രങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യേണ്ടിവന്നു.

ഉദാഹരണമായി ശമ്പളം ലഭിക്കാതെ തുടരുന്ന എയിഡഡ് സ്കൂള്‍ അധ്യാപകരുടെ പ്രശ്നത്തില്‍ ഇനിയും തീരുമാനമാകാത്തതില്‍ സഭാ നേതൃത്വത്തിന് വിജോജിപ്പുകളുണ്ടായിരുന്നു.

മുന്നണി മാറ്റത്തിന് മുന്നോടിയായി ജോസ് കെ മാണി സഭാ നേതൃത്വങ്ങളുമായി നടത്തിയ ചര്‍ച്ചകളില്‍ ഈ വിഷയം ഉയര്‍ന്നുവരികയും ജോസ് കെ മാണി അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും കഴിഞ്ഞ ദിവസം ഉത്തരവിറങ്ങുകയും ചെയ്തു.

അതിനാല്‍തന്നെ ഭരണനേതൃത്വം പാലായ്ക്ക് നല്‍കിയ വാക്കുപാലിക്കുന്നതില്‍ വീഴ്ചകള്‍ പാടില്ലെന്ന കര്‍ശന നിലപാടിലാണ് ഇടതുപക്ഷം.

Leave a Reply