Pravasimalayaly

ന്യൂസിലന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരി അലീന

ന്യൂസിലന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരി അലീന അഭിലാഷ് നിയമിതയായി. റോയല്‍ ന്യൂസിലാന്‍ഡ് പോലീസ് കോളേജിലെ പരിശീലനം പൂര്‍ത്തിയാക്കിയ അലീനയുടെ ഗ്രാജുവേഷന്‍ ചടങ്ങ് ഇന്നലെ വെല്ലിംഗ്ടണില്‍ നടന്നു. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ആദ്യ നിയമനം ഓക്ക്‌ലാന്റിലാണ്. ന്യൂസിലന്‍ഡ് പോലീസില്‍ ഓഫീസര്‍ തസ്തിക ആരംഭിക്കുന്നത് കോണ്‍സ്റ്റബിള്‍ റാങ്കിലാണ്.

പാമര്‍സ്റ്റണ്‍ നോര്‍ത്തില്‍ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് 22 കാരിയായ അലീന. ഒട്ടാഗോ യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജിയും ക്രിമിനോളിയും പഠിച്ച ശേഷമാണ് പോലീസില്‍ ചേര്‍ന്നത്.

ആറാം ക്ലാസ് വരെ പാലാ ചാവറ പബ്‌ളിക് സ്‌കൂളില്‍ പഠിച്ച ശേഷം മാതാപിതാക്കള്‍ക്കൊപ്പം ന്യൂസിലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയും സഹായം ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കാനും വേണ്ടിയാണ് പോലീസില്‍ ചേര്‍ന്നതെന്ന് അലീന പറഞ്ഞു. വിക്ടോറിയ കോളേജില്‍ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ ആല്‍ബി അഭിലാഷ് ഏക സഹോദരനാണ്.

ന്യൂസിലന്‍ഡ് പോലീസില്‍ നിയമിതയായ അലീന അഭിലാഷിനെ മാണി സി കാപ്പന്‍ എം എല്‍ എ, ജോസ് കെ മാണി എം പി, ചാവറ പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ സാബു കൂടപ്പാട്ട്, മുന്‍ പ്രിന്‍സിപ്പല്‍ ഫാ മാത്യു കരീത്തറ എന്നിവര്‍ അഭിനന്ദിച്ചു.

Exit mobile version