പാലക്കാട്ട് എലപ്പുള്ളിയിൽ യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ. കുന്നുകാട് മേച്ചിൽ പാടം വിനീത് (28) ആണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റാണ് മരണം. കെണി വച്ച നാട്ടുകാരൻ ദേവസഹായം കസബ പോലിസ് സ്റ്റേഷനിൽ കീഴടങ്ങി.
രാവിലെ കെണി പരിശോധിക്കാൻ വന്നപ്പോഴാണ് ഒരാൾ മരിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ പൊലീസിൽ വിവരമറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു. സമാനമായ രീതിയിൽ കെണിയിൽ നിന്നും ഷോക്കേറ്റ നിരവധി സംഭവങ്ങളാണ് പാലക്കാട് ഉണ്ടാകുന്നത്. മുണ്ടൂരിൽ കെണിയിലെ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൂന്നു പേർ പിടിയിലായി.
പ്രദേശവാസികളും സഹോദരങ്ങളുമായ അജീഷ്, അജിത്, സുജിത് എന്നിവരാണ് പിടിയിലായത്. ഇവരൊരുക്കിയ വൈദ്യുത കെണിയിൽ കുടുങ്ങിയാണ് കാട്ടാന ചരിഞ്ഞത്. മാനിനെയും പന്നിയെയും പിടിക്കാനാണ് വൈദ്യുതി കെണി വെച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി. ചൊവ്വാഴ്ച രാത്രിയാണ് കെണി വച്ചത്. വൈദ്യുത കെണിയിൽ കുടുങ്ങി പിടിയാന ചരിഞ്ഞതോടെ നാട്ടിൽ നിന്ന് പ്രതികൾ മുങ്ങിയിരുന്നു. നേരത്തെയും വന്യമൃഗങ്ങളെ പിടിക്കാൻ കെണി വച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു.