Pravasimalayaly

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലിന് തദ്ദേശ സ്ഥാപനങ്ങൾ സഹായിച്ചു: മുഖ്യമന്ത്രി

പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്തു
കോവിഡ്, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ ഇടപെടാനായത് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതം വർദ്ധിപ്പിച്ചു. ഭവന നിർമാണം, മാലിന്യ നിർമാർജനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ പ്രവർത്തനം, സുഭിക്ഷ കേരളം തുടങ്ങി സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും ഫലപ്രദമായി ഏറ്റെടുത്ത് വിജയിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിച്ചു. പ്രളയ ബാധിത പഞ്ചായത്തുകൾക്ക് പ്രത്യേക ധനസഹായം നൽകിയതായും അദ്ദേഹം പറഞ്ഞു.
പാർപ്പിട, കാർഷിക, മാലിന്യ നിർമാർജന മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കിയത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ പാൽ, മുട്ട, പച്ചക്കറി എന്നിവയുടെ ഉത്പാദനം ഗണ്യമായി വർദ്ധിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കിയതിലൂടെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തി. വിശപ്പ് രഹിത കേരളം, ജനകീയ ഹോട്ടൽ, ടേക് എ ബ്രേക്ക് തുടങ്ങിയ പദ്ധതികൾ ക്ഷേമ പ്രവർത്തനങ്ങളിൽ മാറ്റമുണ്ടാക്കി. പൊതു ശൗചാലയങ്ങളും വിശ്രമകേന്ദ്രങ്ങളും യാത്രക്കാർക്ക് പുതിയ അനുഭവം നൽകി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനകീയ പങ്കാളിത്തം ഉറപ്പാക്കാനായതാണ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുടെ വിജയമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തിൻ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങിൽ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയും മഹാത്മാ പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.
തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പഞ്ചായത്ത് ഡയറക്ടർ ഡോ.പി.കെ ജയശ്രീ, എൻ.ആർ.ജി.എസ് മിഷൻ ഡയറക്ടർ ഡോ. ദിവ്യ. എസ്. അയ്യർ, ആസൂത്രണ ബോർഡ് അംഗം ഡോ. കെ.എൻ ഹരിലാൽ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, കെ.ജി.പി.എ സെക്രട്ടറി പി. വിശ്വംഭര പണിക്കർ, പ്രസിഡന്റ് കെ. തുളസി ടീച്ചർ, കെ.ബി.പി.എ പ്രസിഡന്റ് ആർ. സുഭാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Exit mobile version