യുക്രൈനില്‍ നിന്ന് മടങ്ങുന്നവരില്‍ പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനം. വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയെയാണ് അറിയിച്ചത്. യുക്രൈനില്‍ നിന്നെത്തുന്ന ഇന്ത്യക്കാര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തിലെത്തുന്നതിന് മുന്‍പുള്ള കൊവിഡ് പരിശോധനയും വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി.
പാസ്പോര്‍ട്ട് നഷ്ടപ്പെട്ട പലര്‍ക്കും തിരിച്ചെത്താനുള്ള മാര്‍ഗമില്ലെന്ന് ആശങ്കയറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഓപ്പറേഷന്‍ ഗംഗാ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ മൂവായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈന്റെ അതിര്‍ത്തി കടന്നത്. യുക്രൈന്റെ എല്ലാ അതിര്‍ത്തികളിലും വിദേശകാര്യ മന്ത്രാലയത്തിന്റെ സംഘമെത്തിയെന്നതും പാര്‍ലമെന്റിന്റെ സമിതിയോട് അറിയിച്ചിട്ടുണ്ട്.
കൂടാതെ ഓപറേഷന്‍ ഗംഗയ്ക്കായി കേന്ദ്രമന്ത്രിമാര്‍ക്കുള്ള ചുമതലയും ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചു. റോമനിയ, മോള്‍ഡോവ എന്നീ അതിര്‍ത്തികളില്‍ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കായിരിക്കും. കിരണ്‍ റിജിജുവാണ് സ്ലോവാക്യയില്‍. ജനറല്‍ വികെ സിംഗ് പോളണ്ടിലും, ഹര്‍ദീപ് സിംഗ് പുരി ഹംഗറിയുടേയും ചുമതല വഹിക്കും.