പത്തനംതിട്ട: രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണമികവിനുള്ള പുരസ്കാരവും സ്വന്തമാക്കിയ ജില്ലാ പോലീസ് മേധാവി കെജി സൈമണ് മറ്റൊരു നേട്ടംകൂടി.
സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്‌ജ് ഓഫ് ഓണർ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ ജില്ലാ പോലീസ് സേനയിലെ അഞ്ചുപേർക്ക് ലഭിച്ചു.
കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിലെത്തിച്ചതിന്റെ അംഗീകാരമായാണ് ബാഡ്‌ജ് ഓഫ് ഓണർ ഉത്തരവായത്.
രണ്ടുതവണ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, കേന്ദ്ര മന്ത്രാലയത്തിൻ്റെ മെഡൽ എന്നിവയ്ക്ക് പുറമെയാണ് മറ്റൊരു പൊൻതൂവലായി ബാഡ്‌ജ് ഓഫ് ഓണർ പദവി.
വാളകത്ത് ജനിച്ചു വളർന്ന അദ്ദേഹം മേലുകാവ് ഇരുമാപ്രമറ്റം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. എള്ളുംപുറം സെൻ്റ് മത്ഥ്യാസ് സിഎസ്ഐ ഗായക സംഘത്തിൻ്റെ സാരഥിയായും സേവനം ചെയ്യുന്നു.
ജില്ലാ പോലീസ് മേധാവി കെജി സൈമണിനു പുറമേ ജില്ലാ പോലീസ് അഡീഷണൽ എസ്‌പി എയു സുനിൽകുമാർ, ജില്ലാ സൈബർ പോലീസ് സ്റ്റേഷനിലെ എസ്ഐ പിബി അരവിന്ദാക്ഷൻ നായർ, എസ്‌സിപിഒ മാരായ അനൂപ് മുരളി, ആർആർ രാജേഷ് എന്നിവരാണ് പുരസ്കാരം നേടിയത്.
കൂടത്തായി കേസിൻ്റെ സമയത്ത് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്നു കെജി സൈമൺ. കേസിൽ നിർണായകമായ തുമ്പുണ്ടാക്കുകയും ശാസ്ത്രീയ അന്വേ ഷണത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരുകയും ചെയ്തു.
തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് വൈസ് പ്രിൻസിപ്പൽ ആയിരിക്കെ, വിവിധ പരിശീലനപരിപാടികൾ മികച്ചനിലയിൽ നടത്തിയതിനുള്ള അംഗീകാരമായാണ് ജില്ലാ പോലീസ് അഡീഷണൽ എസ്‌പിക്ക് ബാഡ്‌ജ് ഓഫ് ഓണർ ലഭിച്ചത്.
ജില്ലാ പോലീസ് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി പോലീസ് സ്റ്റേഷനുകളിലെ തൊണ്ടിറൂമുകളിൽ ക്യൂആർ കോഡിൻ്റെ ഉപയോഗമടക്കം സ്മാർട്ട് ആക്കുന്നതിനും ഇൻഫർമേഷൻ റിപ്പോർട്ട് ഡോക്യുമെൻ്റേഷൻ ആവശ്യത്തിലേക്ക് വെബ് പോർട്ടൽ വികസിപ്പിച്ചതിനുമാണ് അരവിന്ദാക്ഷൻ നായർക്കും അനൂപ് മുരളിക്കും ആർആർ രാജേഷിനും പുരസ്കാരം ലഭിച്ചത്.