കൊല്ലം: ജില്ലയില്‍ കേരളാ കോണ്‍ഗ്രസിന്റെ, പ്രത്യേകിച്ച് ബാലകൃഷ്ണ പിള്ളയ്ക്ക് നിര്‍ണായക സ്വാധീനമുള്ള പത്തനാപുരം മണ്ഡലത്തില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി കെബി ഗണേഷ്‌കുമാറാണ് ജനപ്രതിനിധി.
സിനിമാതാരമെന്ന ഇമേജോടെ 2001ല്‍ ആദ്യമായി പത്തനാപുരത്ത് എത്തിയ ഗണേഷ്‌കുമാര്‍ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ അഡ്രസില്‍ തന്നെയാണ് അന്നു ജനവിധി തേടിയത്. എന്നാല്‍ ആദ്യ വിജയത്തിനു ശേഷം ഗണേഷ്‌കുമാര്‍ മണ്ഡലത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു.
ഗണേഷ്‌കുമാര്‍ മന്ത്രിയായിരുന്ന കാലവും പത്തനാപുരത്തിന് നേട്ടമായിരുന്നു. കഴിഞ്ഞ നാലുവട്ടവും ജനപ്രതിനിധിയായ ഗണേഷ്‌കുമാര്‍ തന്നെയാകും ഇക്കുറിയും ഇടതു സ്ഥാനാര്‍ത്ഥി. ഇടക്കാലത്ത് എല്‍ഡിഎഫ് വിടാന്‍ ഗണേഷ്‌കുമാര്‍ ചില ശ്രമങ്ങളൊക്കെ നടത്തിരുന്നെങ്കിലും പിന്നീട് അതു വിജയിച്ചില്ല.
ഇടതുപാളയത്തില്‍ നിന്നും ഗണേഷ് വരുന്നതിനോട് കോണ്‍ഗ്രസിനും ഇപ്പോള്‍ വലിയ താല്‍പ്പര്യമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിനിമാതാരം ജഗദീഷിനെ ഇറക്കിയാണ് കോണ്‍ഗ്രസ് പത്തനാപുരത്ത് ഗണേഷിന്റെ പടയോട്ടത്തിന് തടയിടാന്‍ ശ്രമിച്ചത്. എന്നാല്‍ 2011നെക്കാള്‍ ഭൂരിപക്ഷം കൂട്ടാന്‍ ഗണേഷിനായി.
2011ല്‍ യുഡിഎഫിലായിരിക്കെ സിപിഎമ്മിലെ ആര്‍ രാജഗോപാലിനെ 20402 വോട്ടുകള്‍ക്കാണ് ഗണേഷ്‌കുമാര്‍ തോല്‍പിച്ചത്. ചേരി മാറിയ 2011ല്‍ ജഗദീഷിനെ പരാജയപ്പെടുത്തിയതാകട്ടെ 24562 വോട്ടുകള്‍ക്കും. ഇക്കുറി മത്സരിക്കാന്‍ ഇല്ലെന്നാണ് ജഗദീഷ് പറയുന്നതെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.
സിനിമാക്കാരനല്ലാത്ത ശക്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്നാണ് പാര്‍ട്ടി നേതാക്കളുടെയും പക്ഷം. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിര സാന്നിധ്യമായ ജ്യോതികുമാര്‍ ചാമക്കാലയ്ക്കാണ് ഇക്കുറി കോണ്‍ഗ്രസില്‍ പരിഗണനയെന്നാണ് വിവരം. സീറ്റ് ലക്ഷ്യമിട്ട് ജ്യോതികുമാര്‍ 2016 മുതല്‍ മണ്ഡലത്തില്‍ സജീവമാണ്.
കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമാണ് ജ്യോതികുമാര്‍ ചാമക്കാല. കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ മിടുക്കനുമാണ് ചാമക്കാല. ചാമക്കാലയ്ക്ക് സീറ്റ് ലഭിച്ചാല്‍ മികച്ച മത്സരം കാഴ്ചവയ്ക്കാമെന്നു കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
ബിജെപിക്കും ചെറുതല്ലാത്ത വോട്ടുകളുള്ള മണ്ഡലമാണ് പത്തനാപുരം. കഴിഞ്ഞ തവണ മത്സരിച്ച സിനിമാ താരം ഭീമന്‍ രഘു 11,700 വോട്ടുകള്‍ നേടിയിരുന്നു. 2011ല്‍ 2839 വോട്ടുകള്‍ മാത്രം നേടിയയടുത്തുനിന്നാണ് വോട്ടുവിഹിതം ഉയര്‍ത്താന്‍ ബിജെപിക്കായത്.