Pravasimalayaly

കാതോലിക്കാ ബാവായുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും അനുശോചിച്ചു

തിരുവനന്തപുരം: പരിശുദ്ധ കാതോലിക്കാബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ഉള്‍പ്പെടെ നാടിന്റെ നാനാതുറകളില്‍ നിന്ന് അനുശോചന പ്രവാഹം. കോണ്‍ഗ്രസ് പാര്‍ട്ടി കോട്ടയം,പത്തനംതിടട്, ആലപ്പുഴ ജില്ലകളിലെ മൂന്നു ദിവസത്തെ പാര്‍ട്ടി പരിപാടികള്‍ മാറ്റിവെച്ചു.
പരിശുദ്ധ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

സാധാരണക്കാരില്‍ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.

കേരളത്തില്‍ സഭയിലും സമൂഹത്തിലും സമാധാനം പുലര്‍ത്താന്‍ നിലകൊണ്ടു. സഭയുടെ താല്‍പര്യമായിരുന്നു എന്നും ബാവ ഉയര്‍ത്തിപ്പിടിച്ചത്. ലോകത്താകെയുള്ള ഓര്‍ത്തഡോക്‌സ് സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചു.

ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാചരിത്രത്തില്‍ പരുമല തിരുമേനിക്കു ശേഷം മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്ന മാര്‍ പൗലോസ് ദ്വിതിയന്‍, വിശ്വാസികള്‍ക്കൊപ്പം സാധാരണക്കാരനായി ജീവിച്ച വ്യക്തിത്വമായിരുന്നു. സാമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും വേണ്ടി നിരവധി പദ്ധതികളാണ് അദ്ദേഹം സഭാതലത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. നൂറുകോടിയിലേറെ രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പരുമല കാന്‍സര്‍ സെന്റര്‍ ഇതിന് ഉദാഹരണമാണ്. നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘സ്‌നേഹസ്പര്‍ശ’വും പദ്ധതിക്കും ഇദ്ദേഹം തുടക്കമിട്ടിരുന്നു.

സ്ത്രീകളെ സഭാഭരണത്തിലേക്ക് എത്തിക്കാനുള്ള ചരിത്രപരമായി തീരുമാനം കൈക്കൊണ്ടതും പൗലോസ് ദ്വിതീയന്‍ ബാവയാണ്. 2011ല്‍ ഇടവകകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും വോട്ടവകാശം ഏര്‍പ്പെടുത്തിയാണ് ബാവ മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. മദ്യം, ലഹരിമരുന്ന് എന്നിവയ്ക്ക് എതിരെയും ശക്തമായ പ്രചാരണം ബാവ നടത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്കിടയില്‍ നിന്നും സഭയുടെ അത്യുന്നത പദവിയില്‍ എത്തി സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച പൗലോസ് ദ്വിതീയന്‍ ബാവയുടെ നിര്യാണം മലങ്കര സഭയ്ക്കു മാത്രമല്ല കേരളത്തിനൊന്നാകെ തീരാനഷ്ടമാണെണെന്നുും പ്രതിപക്ഷനേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ വേര്‍പാടിലൂടെ വിശ്വാസത്തിനും വിശ്വാസികള്‍ക്കും വേണ്ടി നിലകൊണ്ട ആത്മീയ ആചാര്യനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.
മതനിരപേക്ഷ തയുടെ വക്താവായിരുന്ന ബാവ ആലംബഹീനരേയും പാവപ്പെട്ടവരെയും സംരക്ഷിക്കുകയും അവര്‍ക്കുവേണ്ടി കാരുണ്യ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു.നാട്യങ്ങളില്ലാത്ത ലളിതമായ ജീവിതശൈലി ആയിരുന്നു അദ്ദേഹത്തിന്റെത്.ഇടവക ഭരണത്തില്‍ സ്ത്രീകള്‍ക്ക് പ്രാധിനിത്യം നല്‍കി സമത്വം എന്ന ആശയം നടപ്പാക്കി എന്നതാണ് അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രധാനം.അദ്ദേഹത്തിന്റെ ദേഹ വിയോഗത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനവും വ്യക്തി പരമായി ഞാനും പങ്ക്‌ചേരുന്നു.

Exit mobile version