പൂഞ്ഞാറെന്നാല്‍ ഓരോ മലയാളിയുടേയും മനസില്‍ ആദ്യം എത്തുന്ന പേര് പി.സി എന്ന പി.സി ജോര്‍ജ്. കേരളാ രാഷ്ട്രീയത്തിലെ തന്റേടത്തിന്റെ പ്രതീകം. ആരെടാ എന്നു ചോദിച്ചാല്‍ എന്തെടാ എന്നു തിരികെ ചോദിക്കുന്ന പി.സി ജോര്‍ജ്. അടുതത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരം പൂഞ്ഞാറില്‍
നിന്നു തന്നെയായിരിക്കുമെന്നും പി.സി വ്യക്തമാക്കി. പൂഞ്ഞാറിലെ ജനങ്ങളോട് ഞാന്‍ നന്ദികേട് കാട്ടിയിട്ടില്ല. അവര്‍ തിരിച്ചും. മറ്റൊരു മണ്ഡലത്തിലേക്കും മാറാന്‍ ഉദ്ദേശിക്കുന്നില്ല.ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിലും ശക്തി തെളിയിക്കാനായി ഒറ്റയ്ക്ക പോരാട്ടത്തിനിറങ്ങിയിരിക്കയാണ്. മകന്‍ ഷോണ്‍ ജോര്‍ജ് ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നും ജനവിധി തേടുന്നു.
്. ത്രിതല പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒരു മുന്നണിയോടും കൂട്ടു കൂടാതെ ഒറ്റയ്ക്കു മത്സരിക്കുകയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കുറിച്ച്, വിജയ സാധ്യതകളേക്കുറിച്ച്, മകന്‍ ഷോണ്‍ ജോര്‍ജിന്റെ രാഷ്ട്രീയ പ്രവേശനത്തേക്കുറിച്ച് പി.സി. ജോര്‍ജ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖം ചുവടെ
ജനപക്ഷത്തിന്റെ നിലപാടെന്താണ്
ത്രിതല പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജനപക്ഷം മുന്നോട്ടു വയ്ക്കുന്നത് അഴിമതിക്കെതിരെയുള്ള പോരാട്ടമാണ്. പൊതു പ്രവര്‍ത്തകരുടെ മാന്യതയയും സത്യസന്ധതയും സംരക്ഷിക്കപ്പെടണം. മാന്യതയും സത്യസന്ധതയും പുലര്‍ത്തുന്ന ആളുകള്‍ ജനപ്രതിനിധികളായാല്‍ രാഷ്ട്രീയ രംഗവും പൊതുപ്രവര്‍ത്തന രംഗവും ശുദ്ധമാകും. സത്യസന്ധതയും മാന്യതയും പുലര്‍ത്തുന്ന സ്ഥാനാര്‍ഥികളെയാണ് ജനപക്ഷം സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്.
നിര്‍ണായക തെരഞ്ഞെടുപ്പ്
കേരള രൂപീകരണത്തിനു ശേഷം മാറി മാറി വന്ന സര്‍ക്കാരുകള്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനവിനു വേണ്ടിയാണ് സമയം ചെലവഴിച്ചത്. കടമെടുത്ത് കടമെടുത്ത് കേരളത്തിലെ ജനങ്ങളെ വരെ പണയം വച്ചിരിക്കുകയാണ്. കേരളത്തില്‍ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും 77000 രൂപ കടക്കാരനാണ്. 32000 കോടി രൂപയുടെ കടക്കെണിയിലാണ് കേരളം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ല. അഞ്ചു ലക്ഷത്തിനു മുകളില്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രീണിപ്പിക്കുന്ന നയമാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. റവന്യു വരുമാനത്തിന്റെ 70 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമായാണ് ചെലവഴിക്കുന്നത്. 25000 രൂപയില്‍ കൂടുതല്‍ ആര്‍ക്കും പെന്‍ഷന്‍ നല്‍കരുത്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഇവിടെ ഒന്നും ലഭിക്കുന്നില്ല. പാവപ്പെട്ട കര്‍ഷകനു പെന്‍ഷന്‍ നല്‍കണം. എംപിമാരുടെയും എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ഒക്കെ ശമ്പളം വെട്ടികുറയ്ക്കണം. ഇക്കാര്യങ്ങള്‍ ജനപക്ഷം തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്.
മൂന്നുമുന്നണികളും
വെല്ലുവിളികള്‍ നേരിടുന്നു
യുഡിഎഫും എല്‍ഡിഎഫും ഇത്തവണ തെഞ്ഞെടുപ്പില്‍ വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണ് നടത്തുന്നത്. സ്വര്‍ണക്കടത്തും ലൈഫും മുഖ്യമന്ത്രിയുടെ ഓഫീസ് സംബന്ധിച്ച ആരോപണവും ഭരണമുന്നണിക്ക് കനത്ത വെല്ലുവിളിയാണ് ഉണ്ട്ാക്കിയിരിക്കുന്നത്. യുഡിഎഫിനു സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പുകളിയും അഴിമതി കേസുകളുമാണ് വെല്ലുവിളിയാകുന്നത്. ഇരു മുന്നണികള്‍ക്കെതിരെ ശക്തമായ പ്രതിരോധവുമായി ബിജെപി ഉണ്ടെങ്കിലും അവിടെയും മുമ്പ് ഇല്ലാത്ത വിധം ഗ്രൂപ്പിസവും ചക്കളത്തില്‍ പോരാട്ടവുമാണ്. കുറച്ച് സീറ്റുകള്‍ കൂടുതല്‍ നേടിയേക്കാം അല്ലാതെ ബിജെപിക്ക് വലിയ നേട്ടമൊന്നുമുണ്ടാകുമോ എന്നു തോന്നുന്നില്ല.
ജനപക്ഷത്തിന്റെ
വിജയസാധ്യതകള്‍
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടി ഇടതുമുന്നണിയോടൊപ്പമാണ് മത്സരിച്ചത്. ഒരു ജില്ലാ പഞ്ചായത്തംഗവും 36 പഞ്ചായത്തംഗങ്ങളെയും ലഭിച്ചു. ഇത്തവണ 14 ജില്ലകളിലും പ്രാതിനിധ്യ സ്വഭാവത്തില്‍ മത്സരിക്കുന്നുണ്ട്. 169 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും മത്സരിക്കുന്നുണ്ട്. പൂഞ്ഞാറില്‍ നല്ല വിജയ പ്രതീക്ഷയാണ്. സ്ഥാനാര്‍ഥികളില്ലാത്ത ബാക്കിയുള്ള സ്ഥലങ്ങളില്‍ അര്‍ഹതയില്ലാത്തവരെ തോല്‍പിക്കാനും അര്‍ഹതയുള്ളവരെ വിജിയിപ്പിക്കാനും ജനപക്ഷത്തിനു കഴിയും. പൊതുപ്രവര്‍ത്തനത്തിലെ മാന്യതയും സത്യസന്ധതയും നോക്കി ആളുകള്‍ക്ക് വോട്ടു ചെയ്യാനാണ് ജനപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ ജില്ലാ പഞ്ചായത്ത് മെംബര്‍മാര്‍ ഉള്‍പ്പെടെ 100നു മുകളില്‍ അംഗങ്ങളുണ്ടാകും.
മുന്നണി പ്രവേശനനം
തിരിച്ചടിയായില്ല
മുന്നണി പ്രവേശനം നടക്കാതെ പോയതു ജനപക്ഷത്തിനു ഒരിക്കലും തിരിച്ചടിയായിട്ടില്ല.ഒരു മുന്നണിയുടെയും ഭാഗമല്ലാതെ നില്‍ക്കാനുള്ള തന്റേടം എനിക്കും ജനപക്ഷത്തിനുമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ഇടത് വലത് ബിജെപി മുന്നണികളും സകല സംഘടനകളും എതിര്‍ത്തിട്ടും 28000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പൂഞ്ഞാറിലെ ജനത്തോട് എനിക്ക് എപ്പോഴും നന്ദിയുണ്ട്. പൂഞ്ഞാറുകാരോട് ഞാന്‍ നന്ദികേട് കാണിട്ടിച്ചില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മുന്നണിയുടെയും ഭാഗമല്ലാതെ മുന്നോട്ടു പോകും.ബാക്കി കാര്യം പിന്നീട് തീരുമാനിക്കും.
ജോസിനെകൊണ്ട് സിപിഎമ്മിനു ലാഭം
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പു കഴിയുന്നതോടെ നിഷപ്രഭമാകും. ചിഹ്നവും പാര്‍ട്ടിയുമില്ലാത്ത അവരുടെ ജനപ്രതിനിധികള്‍ സ്വതന്ത്രന്‍മാരാണ്. ചിഹ്നവും പാര്‍ട്ടിയുമില്ലാത്തത് ജോസഫിനു വലിയ നഷ്ടമുണ്ടാക്കും. ജോസ് വിഭാഗത്തെ കൂടെ കൂട്ടിയതുകൊണ്ട് സിപിഎമ്മിനു ലാഭമാണ്. കുറെ പഞ്ചായത്തുകള്‍ ഭരിക്കാം. ജോസ് വിഭാഗം കുറെ സീറ്റുകള്‍ നേടുമെങ്കിലും പലയിടങ്ങളിലും അവര്‍ക്കുണ്ടായിരുന്ന സ്വാധീനം ഇല്ലാതായി പോകും.
മകന്‍ ഷോണിന്റെ
രാഷ്്ട്രീയ പ്രവേശനം
മകന്‍ ഷോണ്‍ ജോര്‍ജ് യുവജനജനപക്ഷം നേതാവാണ്. മകന്‍ എന്ന നിലയിലല്ല സ്ഥാനാര്‍ഥിത്വം. കഴിഞ്ഞ കുറേ നാളായി പൂഞ്ഞാറിലും കോട്ടയം ജില്ലയിലും നിരവധി പ്രക്ഷോഭ പരിപാടികളില്‍ ജനപക്ഷം സമരങ്ങളില്‍ ഷോണുണ്ട്. പൂഞ്ഞാര്‍ ഓണ്‍ലൈന്‍ കാര്‍ഷിക വിപണി, തൊഴില്‍ വീഥി തുടങ്ങിയവയുടെ അഡ്മിന്‍ എന്ന നിലയില്‍ കര്‍ഷകരുടെയും യുവജനങ്ങളുടെയും ഇടയില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ ബാങ്കിന്റെ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ സഹകരണ രംഗത്തും നല്ല പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. അതിനാല്‍ ഇത്തവണ ഷോണ്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ഒന്നടങ്കം ആവശ്യപ്പെട്ടു. എന്നാല്‍ മുന്നണിയുടെ ഭാഗമായി സീറ്റ് ലഭിച്ചാല്‍ മത്സരിക്കില്ലെന്നും ഒറ്റയ്ക്കു നിന്നാല്‍ മത്സരിക്കാമെന്നും ഷോണ്‍ അറിയിച്ചു. അങ്ങനെയാണ് സ്ഥാനാര്‍ഥിയായത്. 100 ശതമാനവും പൂഞ്ഞാറില്‍ ഷോണ്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
പൂഞ്ഞാറില്‍ മുസ്ലിം ലീഗ്
കണ്ണുവയ്ക്കുന്നുണ്ടല്ലോ
ലീഗിന് മത്സരിക്കാന്‍ താത്പര്യമുണ്ട്. മധ്യകേരളത്തില്‍ അവര്‍ക്ക് ഒരു സീറ്റ് എന്നത് കുറെ നാളായി അവര്‍ ആവശ്യപ്പെടുന്നതാണ്. അവര്‍ മത്സരിക്കട്ടെ. അവരുടെ സീറ്റ് ആവശ്യത്തിനേ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. മുസ്്‌ലീം ലീഗ് മത്സരിക്കാനുണ്ടെങ്കില്‍ 150 ശതമാനം താത്പര്യവും ഇഷ്ടവുമാണ്.