താന്‍ ജയിലിലായതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കളികളാണെന്ന് പി സി ജോര്‍ജ്. തനിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു തൃക്കാക്കരയില്‍ തന്നെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.തൃക്കാക്കര വച്ചാണ് മുഖ്യമന്ത്രി തനിക്കെതിരെ പറഞ്ഞത്. നാളെ തൃക്കാക്കരയില്‍ പോകും. മുഖ്യമന്ത്രിക്ക് അവിടെ വച്ച് മറുപടി നല്‍കും. നല്ല മറുപടി കയ്യിലുണ്ട്, ജോര്‍ജ് പറഞ്ഞു. ജയില്‍ മോചിതനായി ഈരാറ്റുപേട്ടയിലെ വീട്ടിലേക്കു മടങ്ങും മുന്‍പ് മാധ്യമങ്ങളോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ വ്യാഴാഴ്ച റിമാന്‍ഡിലായ പി സി ജോര്‍ജ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഇന്നു വൈകീട്ട് ഏഴോടെയാണു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.കോടതിയോട് നന്ദിയുണ്ടെന്നും ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയില്‍ നിയമ സംവിധാനത്തിന് വിലയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു. കോടതി നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രായവും ആരോഗ്യനിലയും പരിഗണിച്ചാണ് ജോര്‍ജിനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റം ആവര്‍ത്തിക്കരുത്, ശാസ്ത്രീയ പരിശോധനകളില്‍ ഉള്‍പ്പെടെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് പി ഗോപിനാഥന്‍ ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോര്‍ജ് കോടതിയെ അറിയിച്ചിരുന്നു.