വിദ്വേഷ പ്രസംഗം: ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് പി. സി. ജോര്‍ജ്

0
172

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോർജ് ചോദ്യം ചെയ്യലിന് ഹാജരാകും. പൊലീസ് നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകാമെന്ന് ചൂണ്ടിക്കാണിച്ച് ജോര്‍ജ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കത്തയച്ചു. ഇന്നലെ ഹാജരാകാതിരുന്നത് ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണെന്നാണ് വിശദീകരണം.

എന്നാല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി എ. എൻ. രാധാകൃഷ്ണന് വേണ്ടി ജോര്‍ജ് പ്രചാരണത്തിനെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കേരള പൊലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ജോര്‍ജ് ഇന്നലെ ഉന്നയിച്ചത്. താന്‍ മുങ്ങിയാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും പിണറായിയുടെ പൊലീസിന് കണ്ടെത്താനാവില്ലെന്ന് ജോര്‍ജ് പറഞ്ഞു.

ഇന്ന് രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് ജോര്‍ജിന് നോട്ടീസ് നൽകിയിരുന്നത്. തൃക്കാക്കരയിൽ പ്രചാരണത്തിന് എത്തുമെന്നും തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകുമെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയതും.

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ വ്യാഴാഴ്ച റിമാൻഡിലായ പി.സി ജോർജ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയാണു പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

പ്രായവും ആരോഗ്യനിലയും പരിഗണിച്ചാണ് ജോർജിനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റം ആവർത്തിക്കരുത്, ശാസ്ത്രീയ പരിശോധനകളിൽ ഉൾപ്പെടെ അന്വേഷണവുമായി പൂർണമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് പി ഗോപിനാഥൻ ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോർജ് കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഹാജരാവാതിരുന്നാൽ അത് ജാമ്യവ്യവസ്ഥയുടെ ലംഘനമാവും.

Leave a Reply