Pravasimalayaly

പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിക്ക് മുന്‍പില്‍; കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസും

കൊച്ചി: മത വിദ്വേഷ പ്രസംഗ കേസിലെ പിസി ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ പിസി ജോർജ് നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബഞ്ചാവും പരിഗണിക്കുക.  ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികളാണ് ഹൈക്കോടതിക്ക് മുൻപിലുള്ളത്. 

വിദ്വേഷപ്രസംഗ കേസിൽ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പി സി ജോർജിന്‍റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻകൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും.

ജാമ്യം ലഭിച്ചാലും ജയിലിൽനിന്ന് ഇന്ന് പുറത്തിറങ്ങാൻ പി സി ജോർജിന് കഴിഞ്ഞേക്കില്ല. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഉത്തരവിന്റെ പകർപ്പ് എത്തിക്കാനാവില്ലെന്ന നി​ഗമനത്തിലാണ് ഇത്. ഉച്ചയ്ക്ക് ഒന്നേ മുക്കാലിനാണ് പി സി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. 6 മണിയാണ് സംസ്ഥാനത്തെ ജയിലുകളിലെ ലോക്ക്അപ് സമയം. എന്നാൽ ഏഴു മണിവരെ ഉത്തരവ് സ്വീകരിച്ച് ഒമ്പതു മണിവരെ തടവുകാരെ മോചിതരാക്കാറുണ്ട്. മുൻ എംഎൽഎ കൂടിയായ ആരോഗ്യ പ്രശ്‌നങ്ങളുള്ള പി സി ജോർജിന്റെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കാനും സാധ്യതയുണ്ട്.

ജാമ്യേപേക്ഷ നിലനിൽക്കില്ലെന്ന് ഡിജിപി വാദിച്ചിരുന്നു. തിരുവനന്തപുരത്തെ പ്രസംഗത്തിലെ ജാമ്യാപേക്ഷയും വെണ്ണല പ്രസംഗത്തിലെ മുൻകൂർ ജാമ്യാപേക്ഷയുമാണ് ഹൈക്കോടതി പരിഗണിക്കുക. എന്നാൽ, തിരുവനന്തപുരത്തെ പ്രസംഗക്കേസിൽ ഇപ്പോൾ നൽകിയ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നാണ് ഡിജിപിയുടെ എതിർവാദം.  

Exit mobile version