Pravasimalayaly

പി സി ജോര്‍ജിന്റെ അറസ്റ്റ് തടയാതെ കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

കൊച്ചി: വിദ്വേഷപ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് തടയാതെ കോടതി. അറസ്റ്റ് തടയണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഈ മാസം 16 ലേക്ക് മാറ്റി.

പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വിദ്വേഷപ്രസംഗത്തിന് പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പും ഹാജരാക്കി. സമാനകുറ്റം ആവര്‍ത്തിക്കുന്ന ജോര്‍ജിനെതിരെ കോടതി നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.

മറുപടിക്ക് കൂടുതല്‍ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത് എറണാകുളം ജില്ലാ പ്രത്യേക കോടതി മാറ്റിവെച്ചത്. തന്റെ പ്രസംഗത്തില്‍ മതവിദ്വേഷമില്ല. പ്രസംഗത്തിന്റെ പൂര്‍ണരൂപം കേട്ടാല്‍ അത് മനസ്സിലാകും. പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പി സി ജോര്‍ജ് വാദിച്ചു. 

മതവിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പിസി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്. 53 എ, 295 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.കഴിഞ്ഞ ദിവസം വെണ്ണല ശിവക്ഷേത്രത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പിസി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. 

മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലും പ്രസംഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പി സി ജോര്‍ജിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യം ലഭിച്ചിരുന്നു. 

Exit mobile version