Tuesday, November 26, 2024
HomeNewsKeralaവിദ്വേഷ പ്രസം​ഗം; പിസി ജോർജിന് ജാമ്യം

വിദ്വേഷ പ്രസം​ഗം; പിസി ജോർജിന് ജാമ്യം

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗത്തെ തുടർന്ന് അറസ്റ്റിലായ പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

വിദ്വേഷ പ്രസം​ഗം നടത്തരുത്. സാക്ഷികളെ സ്വാധീനിക്കരുത്. അന്വേഷണ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടാൽ ​ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

വൈദ്യ പരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കാണ് പിസി ജോർജിനെ കൊണ്ടു പോയത്. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. മുന്‍ എംഎല്‍എ ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

സമുദായങ്ങള്‍ക്കിടയില്‍ മത സ്പര്‍ധയുണ്ടാക്കാന്‍ പിസി ജോര്‍ജ് പ്രവര്‍ത്തിച്ചു. ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പിസി ജോർജിനെ എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. 153 എ, 295 എ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കൽ സംഘമെത്തി വൈദ്യ പരിശോധന നടത്തിയതിന് പിന്നാലെയാണ് കോടതിയിൽ ഹാജരാക്കിയത്.

വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പിസി ജോർജിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തതാണെന്ന് എഫ്ഐആർ. പ്രസം​ഗം മത സ്പർധ വളർത്തുന്നതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കേസെടുത്തതെന്നും എഫ്ഐആറിൽ പറയുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തത്. 

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് പൊലീസ് പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്. ഹിന്ദുമഹാ സമ്മേളനത്തിൽ പിസി ജോർജ് നടത്തിയ പ്രസംഗത്തിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പരാതികൾ ഉയർന്നതോടെ ശനിയാഴ്ച പൊലീസ് കേസെടുത്തു. ഡിജിപി അനിൽകാന്തിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയിൽ വെച്ചാണ് പിസി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments