Pravasimalayaly

മതവിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന് ഇടക്കാല ജാമ്യം

കൊച്ചി: വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

പൊതുപ്രസ്താവന നടത്താന്‍ പാടില്ലെന്നും കോടതി പിസി ജോര്‍ജ്ജിനോട് നിര്‍ദേശിച്ചു. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. നേരത്തെ എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നു പൊലീസ് അറസ്റ്റിനായി അന്വേഷണം ശക്തിമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പിസി ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്.

അതേസമയം പിസി ജോര്‍ജ് ഒളിവിലെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. മൂന്ന് ദിവസമായി തിരച്ചില്‍ നടത്തുന്നു. കണ്ടെത്താന്‍ ഊര്‍ജ്ജിതശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് എത്തിയ പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ജോര്‍ജിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ 8നു പി.സി.ജോര്‍ജ് നടത്തിയ പ്രസംഗം മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന ആരോപണത്തെത്തുടര്‍ന്നു പാലാരിവട്ടം പൊലീസാണു സ്വമേധയാ കേസെടുത്തത്.

Exit mobile version