പിസി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ , വാദിഭാഗം മുഴുവന്‍ ബ്ലാക്ക് മാസിന്റെ ഭാഗമാണെന്ന് പിസി

0
29

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ പിസി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഇന്ന് രാവിലെ പത്തിനാണ് ബിഷപ് പിസി ജോര്‍ജിന്റെ വീട്ടിലെത്തിയത്. പി.സി.ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ്, അരുവിത്തുറ പള്ളി വികാരി ഫാ. ഡോ.അഗസ്റ്റിന്‍ പാലക്കപ്പറമ്പില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവന്‍ ബ്ലാക്ക് മാസിന്റെ ഭാഗമാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. എഐജി ഹരിശങ്കര്‍ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് വിധി വന്നതിന് പിന്നാലെ സംസാരിച്ചത്. അയാള്‍ക്ക് എന്താണ് ഈ വിഷയത്തില്‍ ഇത്ര ആവേശമെന്നും പി സി ജോര്‍ജ് ചോദിച്ചു.

ദൈവവിശ്വാസം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ഉണ്ടായതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഒരു കത്തോലിക്കാ മെത്രാനെ പീഡനക്കേസില്‍ കുടുക്കിയാല്‍ സഭയുടെ പ്രവത്തനങ്ങളില്‍ വിള്ളല്‍ വീഴ്ത്താം എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് ബിഷപ്പുമാരെ ഈ കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചിരുന്നു. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരെല്ലാം വിസ്താരത്തിനെത്തി. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെടുത്തു. പ്രതിഭാഗത്ത് നിന്ന് വിസ്തരിച്ചത് ആറ് സാക്ഷികളെയാണ്. 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി.

Leave a Reply