Pravasimalayaly

പൊന്നിനു’ വിലയുണ്ട്. “കറുത്തപൊന്നിന് ” വിലയില്ല. കർഷകർ അവതാളത്തിൽ : പി സി തോമസ്

പൊന്നിനു വിലയുണ്ടെങ്കിലും, കർഷകർ അദ്ധ്വാനിച്ച് ഉല്പാദിപ്പിച്ചു, കേരളത്തേയും രാഷ്ട്രത്തേയും സമ്പന്നമാക്കിയ ‘കറുത്തപൊന്ന് ‘ എന്നറിയപ്പെടുന്ന കുരുമുളകിന് ന്യായ വില ഇല്ലാത്തതിനാൽ, ക൪ഷക൪ ഏറെ അവതാളത്തിലാണെന്ന് കേന്ദ്ര സർക്കാ൪ മനസ്സിലാക്കണമെന്ന്, കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

കുരുമുളക് ഏറെ വിലപിടിപ്പുള്ള വിളയായതിനാലാണ് അത് “കറുത്ത പൊന്ന് ” എന്നറിയപ്പെടുന്നത്. അത് നമ്മുടെ രാജ്യത്തിന് ഏറെ ഗുണകരമായ രീതിയിൽ പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഇന്ന് കുരുമുളക് കർഷകർ ഏറെ ബുദ്ധിമുട്ടായതുകൊണ്ട് അവരെ രക്ഷിക്കാൻ കേന്ദ്ര സർക്കാ൪ , കുറഞ്ഞ വിലയായി കിലോയ്ക്ക് 600 രൂപയെങ്കിലും നിശ്ചയിച്ചു, ആ വിലയ്ക്ക് കർഷകരിൽനിന്ന് കുരുമുളക് സംഭരിക്കണമെന്ന്, തോമസ് ആവശ്യപ്പെട്ടു.

അതുപോലെ തന്നെയാണ് ഏലത്തി൯റെ കാര്യവും. 2000 രൂപവരെ വിലയുണ്ടായിരുന്ന ഏലത്തിന്, ഇന്ന് കിലോയ്ക്ക് 1000 രൂപ പോലും കിട്ടുന്നില്ല. ഏലക്കർഷകർ രാജ്യത്തിന് സംഭാവന ചെയ്തിട്ടുള്ളത് വലിയ സമ്പത്താണ്. കിലോയ്ക്ക് 1700 രൂപ എങ്കിലും കുറഞ്ഞ വില നിശ്ചയിച്ച് ആ വിലയ്ക്ക് ഏലം കർഷകരിൽ നിന്ന് സംഭരിക്കുവാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.

ഏലത്തി൯റേയും, കുരുമുളകിൻറെ യും ഇറക്കുമതി അന്യായമായ രീതിയിൽ നടക്കുന്നതു തടയുവാ൯ കേന്ദ്രസർക്കാർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും, തോമസ് ആവശ്യപ്പെട്ടു. ഈ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രിക്കും തോമസ് ഇമെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

Exit mobile version