പിസി തോമസ് എന്‍ഡിഎ വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം പിസി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കും.
ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും. പിസി തോമസ്- പിജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയില്‍ നടക്കും.
പിസി തോമസ്, മോന്‍സ് ജോസഫ്, പിയു കുരുവിള എന്നിവര്‍ ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ലയനം സംബന്ധിച്ച തീരുമാനം എടുക്കുന്നത്. പിജെ ജോസഫിന് ചിഹ്നം നഷ്ടപ്പെട്ട സാഹചര്യത്തില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ പിസി തോമസ് വിഭാഗത്തില്‍ ലയിക്കുകയാണെങ്കില്‍ ഔദ്യോഗിക പേരും ചിഹ്നവും ലഭിക്കും.
പിസി തോമസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മത്സരിച്ചിരുന്നെങ്കില്‍ ഇത്തവണ ഒരു സീറ്റ് പോലും നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടുന്നത്. പിജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനായും പിസി തോമസ് ഡെപ്യൂട്ടി ചെയര്‍മാനുമായിട്ടായിരിക്കും ലയനം.
നിലവില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി കഴിഞ്ഞതിനാല്‍ പിസി തോമസ് വിഭാഗത്തിന് സീറ്റ് ലഭിക്കില്ല. കസേരയാണ് കേരള കോണ്‍ഗ്രസിന്റെ ചിഹ്നം. കസേര മാറ്റി മറ്റൊരു ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും.