കഴിഞ്ഞ കുറേ വർഷങ്ങളായി വന്യമൃഗശല്യം തടയുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ കേരളത്തിനായി അനുവദിച്ച തുക ചെലവഴിക്കാത്ത കേരള സർക്കാർ, ജനങ്ങളോട് ഉത്തരം പറയാൻ തയാറാകണമെന്നും, ഈ കൃത്യവിലോപം പൊറുക്കാനാവുന്നതല്ല എന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്.
കേരള സർക്കാരിൻറെ കൃത്യവിലോപം മൂലം എത്രയോ ആളുകളാണ് മരിച്ചുപോകുന്നത് എന്ന് മുഖ്യമന്ത്രിയോ, ഇടതുപക്ഷമുന്നണിയോ ഒന്നും അറിയുന്നില്ലേ, എന്നു തോമസ് ചോദിച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കു സമീപം 38 വയസ്സ് മാത്രം പ്രായമുള്ള ജസ്റ്റിൻ എന്ന യുവാവ് കാട്ടാന കടന്നാക്രമിച്ച് ഇന്നലെ മരണമടയുകയുണ്ടായി. അദ്ദേഹത്തിൻറെ ഭാര്യ പരിക്കേറ്റു ഇപ്പോഴും ചികിത്സയിലാണ്. സൗരോർജ്ജ വേലിയുടെ പണി കുറച്ച് ഭാഗത്തു നടന്നുവെങ്കിലും, ബാക്കി ഭാഗത്ത് നടക്കാനിരിക്കുന്നത് പൂർത്തിയാകാത്തതുകൊണ്ട്, കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ ഈ മേഖലയിൽ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്.
ഇതുപോലെ കേന്ദ്രം നൽകുന്ന പണം ഉപയോഗിച്ചു പോലും, ചെയ്യാൻ ഉദ്ദേശിക്കുന്ന ജോലി പൂർത്തിയാക്കാതെ എത്രയോ സ്ഥലങ്ങളിൽ ബാക്കി കിടക്കുന്നുണ്ട് എന്ന് അടിയന്തരമായി അവലോകനം ചെയ്തു റിപ്പോർട്ട് ജനങ്ങളുടെ മുൻപിൽ കേരളസർക്കാർ വയ്ക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു.
2014 മുതൽ 2021 വരെയുള്ള കാലയളവിൽ, കേന്ദ്രം ഈ ആവശ്യവുമായി ബന്ധപ്പെട്ട് കേരളത്തിന് അനുവദിച്ചത് 74.84 കോടി രൂപയാണ്. എന്നാൽ കേരളം ചെലവഴിച്ചത് 40.05 കോടി രൂപാ മാത്രം. ഈ വർഷങ്ങളിൽ കേന്ദ്ര സർക്കാർ നൽകിയ തുക എന്തുകൊണ്ടാണ് പൂർണമായും ഉപയോഗിക്കാത്തത് എന്ന് കേരള സർക്കാർ വ്യക്തമാക്കണം. ജനങ്ങൾക്കും അവരുടെ കൃഷിക്കും വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം കൊടുക്കുവാൻ അനുവദിക്കുന്ന തുക ചെലവഴിച്ച് തക്കതായ പണികൾ സമയത്ത് ചെയ്യാത്തത് എന്താണ് എന്ന് കേരള സർക്കാർ വ്യക്തമായി ജനങ്ങളെ അറിയിക്കണം. ഇക്കാര്യത്തിൽ കാര്യക്ഷമത ഉണ്ടാക്കിയേ പറ്റൂ. തോമസ് ആവശ്യപ്പെട്ടു.