കോട്ടയം
കുട്ടനാട്ടിലും, അപ്പർ കുട്ടനാട്ടിലും, മറ്റു പല പ്രദേശങ്ങളിലും, ഈടു വെക്കുവാൻ നൽകുന്ന സ്ഥലത്തേക്ക് റോഡില്ല എന്ന കാരണം പറഞ്ഞുകൊണ്ട് ബാങ്കുകൾ അവിടുത്തെ ജനങ്ങൾക്ക് കടം കൊടുക്കുവാൻ മടിക്കുന്നു എന്നും, അത് ആ പ്രദേശങ്ങളിലെ ജനങ്ങളോട് കാണിക്കുന്ന വലിയ അവഗണനയാണെന്നും, ബാങ്കുകൾ നയം തിരുത്തണമെന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്. സ്ഥലത്തിൻറെ വില നിർണയിക്കുമ്പോൾ റോഡില്ലെങ്കിൽ വില കുറയും എന്നു മനസ്സിലാക്കാം. അപ്പോൾ അതനുസരിച്ചുള്ള തുകയെ കടമായി കൊടുക്കാൻ പറ്റൂ എന്നതും വ്യക്തം.
കുട്ടനാട് പോലെയുള്ള സ്ഥലങ്ങളിൽ പലയിടത്തും വീടുവരേയോ, സ്വന്തമായുള്ള സ്ഥലം വരേയോ പലപ്പോഴും റോഡു കാണത്തില്ല. എന്നാൽ മറ്റു പല മാർഗങ്ങൾ വഴി വീട്ടിലേക്കും, സ്ഥലത്തേക്കും, എത്താൻ വഴിയുണ്ടാകും. വള്ളങ്ങളും ബോട്ടുകളും വഴിയായിരിക്കാം അവിടങ്ങളിൽ എത്തുക. അവിടെ നല്ല റോഡ് ഇല്ല എന്ന കാരണത്താൽ എങ്ങനെ ബാങ്കുകൾ കടം കൊടുക്കുന്നതിൽ നിന്നൊഴിവാകും? തോമസ് ചോദിച്ചു. അത് തികഞ്ഞ അവഗണന ആകുമെന്നദ്ദേഹം പറഞ്ഞു.
സ്ഥലത്തേക്ക് റോഡില്ലാത്ത ഒരുപാട് സ്ഥലങ്ങൾ കേരളത്തിൽ വേറെയുമുണ്ട്. അവിടെയൊക്കെ ഈ രീതിയിലാണ് ബാങ്കുകൾ കടം കൊടുക്കുന്നതുമായി ബന്ധപ്പെട്ടു തീരുമാനിക്കുന്നതെങ്കിൽ അതു നിയമവിരുദ്ധവും, നീതിക്കും ന്യായത്തിനും നിരക്കാത്തതുമാണ്.അതു തിരുത്തപ്പെടണം. ഈ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടും, തക്കതായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും, പ്രധാനമന്ത്രിക്കും, കേന്ദ്ര ധനകാര്യ മന്ത്രിക്കും, കേരള മുഖ്യമന്ത്രിക്കും, തോമസ് ഇ-മെയിൽ സന്ദേശങ്ങൾ അയച്ചതായും അറിയിച്ചു..