പാരിസ്:
ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉയോഗിച്ച് പ്രമുഖ ലോകനേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന വിവാദം ആളിപ്പടരുമ്പോ ള്‍ തന്റെ ഫോണും സിമ്മും മാറ്റി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പെഗസസ് ഉപയോഗിച്ച് മൊറോക്കോ രഹസ്യാന്വേഷണ വിഭാഗം മാക്രോണിന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അധിക സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അറ്റാല്‍ പറഞ്ഞു.
പ്രസിഡന്റിന് നിരവധി ഫോണ്‍ നമ്പറുകളുണ്ട്. എന്നാല്‍ ഇതിനര്‍ത്ഥം അദ്ദേഹം ചാരവൃത്തിക്ക് ഇരയായെന്നല്ല, ഇതൊരു അധിക സുരക്ഷ മാത്രമാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മാക്രോണ്‍ കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ യോഗം വിളിച്ചിരുന്നു. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഫോണ്‍ ചോര്‍ത്തപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി പെഗസസ് നിര്‍മാതാക്കളായ എന്‍.എസ്.ഒ കമ്പനി. ആരോപണം മൊറോക്കോയും നിഷേധിച്ചിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
മൊറോക്കോയുടെ രഹസ്യാന്വേഷണ വിഭാഗം ഫ്രഞ്ച് സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുടേയും മാദ്ധ്യമ പ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ച ആമ്നെസ്റ്റി ഇന്റര്‍നാഷണലിനെതിരേയും ഫ്രഞ്ച് സന്നദ്ധ സംഘടനയ്ക്കെതിരേയും നിയമ നടപടിക്കൊരുങ്ങി മൊറോക്കോ. മതിയായ തെളിവുകളില്ലാതെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ഈ രണ്ട് സ്ഥാപനങ്ങളും തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മൊറോക്കോ വ്യക്തമാക്കി. മൊറോക്കന്‍ രാജകുടുംബാംഗങ്ങളുള്‍പ്പെടെയുള്ളവരുടേയും ഫ്രഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍ ,മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ മൊറോക്കന്‍ രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.