ജനകീയ സമരത്തെ ആക്ഷേപിക്കുന്നവര്‍ ഭൂതകാലം ഓര്‍ക്കണം; സര്‍വെ നിര്‍ത്തിയാലും പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതു വരെ യു.ഡി.എഫ് സമരം തുടരുമെന്ന് സതീശൻ

0
39

തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ സര്‍ക്കാരും സി.പി.എമ്മും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പണ്ട് കര്‍ഷക സമരം നടക്കുമ്പോള്‍ അതിനെതിരെ ജന്മികളും, തൊഴിലാളികള്‍ സമരം ചെയ്യുമ്പോള്‍ മുതലാളിമാരും നടത്തുന്ന പരിഹാസവാക്കുകളാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. കേളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത എം.പിമാരെ ഒരു പ്രകോപനവുമില്ലാതെ ഡല്‍ഹി പോലീസ് ക്രൂരമായി ആക്രമിച്ചപ്പോള്‍ അതില്‍ മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും ആഹ്ലാദിക്കുകയാണ്. അതിനെ അപലപിക്കാതെ നിലവാരംവിട്ട് എം.പിമാര്‍ പെരുമാറിയെന്നാണ് മുഖ്യമന്ത്രി ആക്ഷേപിച്ചത്. മുഖ്യമന്ത്രി ഭൂതമാകലം മറക്കുകയാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ കേരള നിയമസഭ അടിച്ചു തകര്‍ക്കാന്‍ അനുവാദം നല്‍കിയ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി. അങ്ങനെയുള്ള ആളാണ് പാര്‍ലമെന്റ് അംഗങ്ങളെ വിവേകവും മര്യാദയും പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. എം.പിമാര്‍ അടി കൊള്ളേണ്ട പണിയാണ് ചെയ്യുന്നതെന്നാണ് കോടിയേരി പറഞ്ഞത്. പൊലീസ് സ്റ്റേഷനകത്തും ബോംബ് നിര്‍മിക്കുമെന്ന് പറഞ്ഞയാളാണ് കോടിയേരി. കോടിയേരിയും ഭൂതകാലം മറക്കുകയാണ്. ഇവര്‍ ഇപ്പോള്‍ ജന്മിമാരെയും കോര്‍പറേറ്റുകളെയും പോലെയാണ് സംസാരിക്കുന്നത്. ഇടത് പക്ഷത്തില്‍ നിന്നും തീവ്ര വലതുപക്ഷത്തേക്കുള്ള വ്യതിയാനം ഇവരുടെ ഭാഷയില്‍ നിന്നു തന്നെ വ്യക്തമാണ്. സ്‌പെയര്‍പാട്‌സ് കമ്പനിക്കാരുടെയും ടയര്‍ കമ്പനിക്കാരുടെയും പണം വാങ്ങിയാണ് സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യുന്നതെന്നാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നത്. ഈ മന്ത്രിസഭയിലെ ഏറ്റവും തമാശക്കാരനായ മന്ത്രിയായി സജി ചെറിയാന്‍ മാറിയിരിക്കുകയാണ്. സജി ചെറിയാനെ തമാശക്കാരന്‍ എന്നല്ല വിശേഷിപ്പിക്കേണ്ടതെന്ന് അറിയാം. എങ്കിലും ആ വാക്കില്‍ ഒതുക്കുകയാണ്. സമരത്തോട് എന്താണ് ഇത്ര അസഹിഷ്ണുത? പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റെയില്‍വെ മന്ത്രിയെ കണ്ടെന്നും വളരെ അനുകൂലമാണ് നിലപാടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം ഉയര്‍ത്തിയ ഉത്കണ്ഠകള്‍ തന്നെയാണ് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷവും റെയില്‍വെ മന്ത്രി രാജ്യസഭയില്‍ പറഞ്ഞത്. 64000 കോടി രൂപ മാത്രമെ ചെലവ് വരൂ എന്നു പറയുന്നത് കള്ളക്കണക്കാണ്. കേരളത്തിന് പാരിസ്ഥിതികമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും റെയില്‍വെ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബ്രോഡ്‌ഗേജില്‍ നിന്നും സ്റ്റാന്‍ഡേര്‍ഡ് ഗേജിലേക്ക് മാറിയത്, വായ്പ നല്‍കുന്ന ജപ്പാനിലെ ധനകാര്യ സ്ഥാപനത്തിന്റെ താല്‍പര്യത്തിന് അനുസരിച്ചാണെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ മറ്റു പാതകളൊക്കെ ബ്രോഡ് ഗേജിലാണ്. അതുകൊണ്ടു തന്നെ മറ്റു ട്രെയിനുകള്‍ക്ക് ഇതില്‍ സര്‍വീസ് നടത്താനാകില്ല. ജപ്പാനിലെ സ്‌ക്രാപ്പ് കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നതിന് വായ്പയുടെ ഭാഗമായി വച്ചിരിക്കുന്ന നിബന്ധന മാത്രമാണ് ഗേജ് മാറ്റം. പ്രതിപക്ഷം പറഞ്ഞ ഇക്കാര്യങ്ങളെല്ലാം അടിവരിയിട്ടു കൊണ്ടാണ് റെയില്‍വെ മന്ത്രി ഇന്നലെ രാജ്യസഭയില്‍ പ്രസംഗിച്ചത്. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും, സംഘപരിവാറിനെയും സി.പി.എമ്മിനെയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ഇടനിലക്കാര്‍ ഒരാഴ്ചയായി ഡല്‍ഹിയില്‍ പ്രവര്‍ത്തനം നടത്തുകയാണ്. എന്തുവന്നാലും ഈ നീക്കത്തെ യു.ഡി.എഫ് ചെറുക്കും. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ജനങ്ങളും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്നതു വരെ കല്ലിടല്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ അനൗദ്യോഗികമായ തീരുമാനിച്ചിരിക്കുകയാണെന്നാണ് വിവരം. കല്ലിടല്‍ നിര്‍ത്തി വച്ചാലും സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും പൂര്‍ണമായും പിന്‍മാറുന്നു എന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതു വരെ യു.ഡി.എഫ് സമരവുമായി മുന്നോട്ടു പോകും. സില്‍വര്‍ ലൈനിനെ കേരളത്തിലെ എല്ലാവരും എതിര്‍ക്കുകയാണ്. മുഖ്യമന്ത്രി പറയുന്ന ജനവിരുദ്ധ- വിദ്രോഹ കൂട്ടുകെട്ടില്‍ അച്യുതമേനോന്റെ മക്കളുണ്ടോ? എന്‍.ഇ ബല്‍റാമിന്റെ മക്കളുണ്ടോ? കെ. ഗോവിന്ദപ്പിള്ളയുടെ മക്കളുണ്ടോ? ഈ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയിലെ ഏറ്റവും സമുന്നതരായ നേതാക്കളുടെ മക്കള്‍ സില്‍വര്‍ ലൈനില്‍ നിന്നും പിന്‍വാങ്ങണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ശാസ്ത്രസാഹിത്യ പരിഷത്തിലെ ആര്‍.വി.ജി മേനോന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഇതില്‍ നിന്നും പിന്‍മാറണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയിലെ ബിഷപ്പ് ആന്റണി പെരുന്തോട്ടവും പദ്ധതിയില്‍ നിന്നും പിന്‍മാറണമെന്ന് ഇന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വിവിധ മത സംഘടനകളും സില്‍വര്‍ ലൈനില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രവും മുഖപ്രസംഗത്തിലൂടെ പദ്ധതിയില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞ ജനവിരുദ്ധ- വിദ്രോഹ കൂട്ടുകെട്ടില്‍ ഇവരെല്ലാം ഉണ്ടോയെന്നു കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം. എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളും ദേശവിരുദ്ധരുമാക്കുന്ന മോദിയുടെ അതേ ശൈലിയാണ് പിണറായിയും കേരളത്തില്‍ പിന്തുടരുന്നത്. ലോകത്തെ എല്ലാ ഏകാധിപതികള്‍ക്കും ഒരേ രീതിയാണ്. ജനങ്ങളുമായി ചേര്‍ന്നാണ് യു.ഡി.എഫ് സമരം ചെയ്യുന്നത്. വയോധികരെയും കുഞ്ഞുങ്ങളെയുമൊന്നും ജയിലില്‍ അയയ്ക്കാന്‍ അനുവദിക്കില്ല. യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോകും. സംസ്ഥാന സര്‍ക്കാരിനെതിരായി കേന്ദ്ര ഏജന്‍സികള്‍ നടത്തിവന്ന അന്വേഷണം തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് അവസാനിച്ചു. അതുപോലെ സില്‍വര്‍ ലൈനില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അന്ന് പ്രവര്‍ത്തിച്ച സംഘം ഇപ്പോഴും ഡല്‍ഹിയില്‍ സജീവമായിരിക്കുകയാണ്. ആധികാരികമായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെ റെയില്‍ അലൈന്‍മെന്റിനെതിരെ ആരോപണം ഉന്നയിച്ചത്. 2021-ല്‍ കെ- റെയില്‍ പ്രസിദ്ധീകരിച്ച അലൈന്‍മെന്റ് മാപ്പും ഇപ്പോഴത്തെ അന്തിമ മാപ്പും തമ്മില്‍ വ്യത്യാസമുണ്ട്. ആദ്യത്തെ അലൈന്‍മെന്റ് മാറ്റിയത് എന്തിനാണെന്ന് പറയണമെന്നാണ് ആവശ്യപ്പെട്ടത്. കോഴി കട്ടവന്റെ തലയില്‍ പപ്പ് ഉണ്ടെന്നാണ് പറഞ്ഞത്. അപ്പോഴേക്കും സ്വന്തം തലയില്‍ പപ്പ് ഉണ്ടോയെന്ന് തപ്പി നോക്കുകയാണ് സജി ചെറിയാന്‍ ചെയ്തത്. ആര്‍ക്ക് വേണ്ടിയാണ് അലൈന്‍മെന്റ് മാറ്റിയതെന്ന് വ്യക്തമാണ്. തന്റെ 5 കോടിയുടെ സ്വത്തിനെ കുറിച്ചും തറവാട് വീടിനെ കുറിച്ചുമാണ് സജി ചെറിയാന്‍ പറയുന്നത്. അലൈന്‍മെന്റ് മാപ്പ് മാറ്റിയത് എന്തിന് വേണ്ടി എന്നതായിരുന്നു യു.ഡി.എഫിന്റെ ചോദ്യം. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് വേണ്ടി അലൈന്‍മെന്റ് മാറ്റിയിട്ടുണ്ട്. ഇതില്‍ നിന്നും രക്ഷപ്പെട്ട പൗരപ്രമുഖന്‍മാരുടെ കഥകള്‍ ഒന്നൊന്നായി പുറത്ത് വരും. അനുമതി നല്‍കില്ലെന്നാണ് കേന്ദ്രം ഇതുവരെ പറഞ്ഞിരിക്കുന്നത്. ഇതില്‍ നിന്നും പിന്നാക്കം പോയല്‍ അത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടേ. പ്രതീകാത്മകമായാണ് കല്ല് പിഴുതെറിയുന്നത്. കല്ലിന് പോലും 5500 രൂപയാണ് വിലയിട്ടിരിക്കുന്നത്. കല്ലില്‍ നിന്നും പോലും അടിച്ചുമാറ്റല്‍ നടത്തുകയാണ്.

Leave a Reply