Pravasimalayaly

ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രിന്‍സിപ്പല്‍ ഇന്‍ ചാർജിനെതിരേ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ജി.വി.രാജ സ്പോര്‍ട്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സി.എസ്. പ്രദീപിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ്. സംഭവത്തില്‍ അന്വേഷണം നടത്തി ഏഴ് ദിവസത്തിനുള്ളിൽ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനോട്  ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ജീവനക്കാരിയുടെ പരാതിയില്‍ അരുവിക്കര പൊലീസ് പ്രദീപിനെതിരെ കേസെടുത്തിരുന്നു. പ്രിൻസിപ്പൽ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ക്വാർട്ടേഴ്സിലെത്താൻ ആവശ്യപ്പെടുന്നുവെന്നും കാണിച്ചാണ്  ജീവനക്കാരി പൊലീസിൽ പരാതി നൽകിയത്. കേസിൽ പ്രാഥമികാന്വേഷണം നടത്തിയ ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കുവെന്ന് അരുവിക്കര എസ്.എച്ച്.ഒ ഷിബു കുമാർ പറഞ്ഞു.
നേരത്തെ സ്കൂളിൽ തുടർച്ചയായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധയുടെ അടിസ്ഥാനത്തിൽ 2018ൽ സി.എസ്.പ്രദീപിനെ അന്നത്തെ കായികമന്ത്രിയായിരുന്ന എ.സി മൊയ്തീനിെൻറ നിർദേശപ്രകാരം സി.എസ്.പ്രദീപിനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു.  ഇൻറലിജൻസിെൻറയും സ്പെഷൽ ബ്രാഞ്ചിെൻറയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ഉന്നതകേന്ദ്രങ്ങളെ സ്വാധീനിച്ച്  ഇയാൾ വീണ്ടും ജി.വി.രാജയിലേക്ക് തിരിച്ചെത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. അതേസമയം സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചു.

Exit mobile version