ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധിക്കിടെ ജനജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോൾ, ഡീസൽ വിലയിൽ റെക്കോഡ് വർധനായുണാണ്ടായിരിക്കുന്നത്.
ഈ മാസം അഞ്ചാം തവണയാണ് വില കൂട്ടുന്നത്. കൊച്ചിയിൽ വെള്ളിയാഴ്ച ഒരുലിറ്റർ പെട്രോളിന് 85.61 രൂപയും ഡീസലിന് 79.77 രൂപയുമായി. തിരുവനന്തപുരത്ത് 87.48, 81.52, കോഴിക്കോട് 85.91, 79.77 രൂപ എന്നിങ്ങനെയാണ് വില.
ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും നിരവധി പേരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ഒരുലിറ്റിർ പെട്രോളിന് 4.69 രൂപയും ഡീസലിന് 5.35 രൂപയുമാണ് കൂട്ടിയത്. ലോക്‌ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 25നുശേഷം ഇതുവരെ പെട്രോളിന് 14.28 രൂപ വർധിപ്പിച്ചു.
ആറുമാസത്തിനുള്ളിൽ ഡീസലിന് 14.17 രൂപ കൂട്ടി.
കോവിഡിൽ ലോകത്ത് എണ്ണ ഉപയോഗം കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ ഏപ്രിൽ, മെയ് കാലത്ത് എണ്ണവില വീപ്പയ്ക്ക് 20 ഡോളറായി കുറഞ്ഞു. അതിനനുസരിച്ച് ഇവിടെയും കുറയേണ്ടിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുത്തനെ കൂട്ടിയതോടെ വിലക്കുറവിന്റെ നേട്ടം ജനങ്ങൾക്ക് ലഭിച്ചില്ല.
8 മാസം; കേന്ദ്രം ഊറ്റിയത് 1.96 ലക്ഷം കോടി
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വർധിപ്പിച്ച് ഏപ്രിൽ മുതൽ നവംബർവരെയുള്ള എട്ടുമാസം കേന്ദ്ര സർക്കാർ പിരിച്ചത് 1.96 ലക്ഷം കോടി രൂപ. ലോക്‌ഡൗണിൽ രാജ്യം നിശ്ചലമായിട്ടും മുൻ വർഷത്തേക്കാൾ 48 ശതമാനം അധിക വരുമാനമാണ് ജനങ്ങളിൽനിന്ന് ഊറ്റിയെടുത്തത്