മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടുന്ന സംഘം യൂറോപ്യന്‍ സന്ദര്‍ശനത്തിനായി ഇന്ന് രാത്രി പുറപ്പെടും. ഒക്ടടോബര്‍ 12 വരെയാണ് വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം. ഡല്‍ഹിയില്‍ നിന്നും ഫിന്‍ലാന്‍ഡിലേക്കാണ് മുഖ്യമന്ത്രിയുടെ ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാവും. ഫിന്‍ലാന്‍ഡിന്റെ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണ് ലക്ഷ്യം. ടൂറിസം, ആയുര്‍വേദ മേഖലകളുമായി ബന്ധപ്പെട്ടും ചര്‍ച്ചകളുമുണ്ടാകും.
നോര്‍വേ സന്ദര്‍ശനത്തില്‍ മന്ത്രിമാരായ പി രാജീവും വി അബ്ദു റെഹ്മനും ഒപ്പമുണ്ടാകും. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോര്‍വേ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. മന്ത്രിമാരായ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. വെയ്ല്‍സിലെ ആരോഗ്യ മേഖലയെക്കുറിച്ചു ചര്‍ച്ച നടത്തും.
അതേസമയം സന്ദര്‍ശനത്തില്‍ വീഡിയോ കവറേജ് ഉണ്ടാകും. 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി ഇന്ത്യന്‍ എംബസി മുഖേനെ നിയോഗിച്ചിട്ടുണ്ട്. വീഡിയോ , ഫോട്ടോ കവറേജ് ചെയ്യാന്‍ നല്‍കിയ ക്വട്ടേഷന്‍ സര്‍ക്കാര്‍ അംഗികരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പിആര്‍ഡി യില്‍ നിന്നിറങ്ങി. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു ആണ് ഉത്തരവിറക്കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിദേശ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ , ഫോട്ടോ കവറേജ് ചെയ്യാന്‍ ആളെ വയ്ക്കുന്നത്.